ചെറുതോണി: ഇടുക്കിയിലെ ജനങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്തതിന്റെ പ്രായശ്ചിത്ത സമരമാണ് ഡീൻ കുര്യാക്കോസ് എം.പി നടത്തുന്നതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കിയതിൽ ഡീൻ കുര്യാക്കോസിനും യു.ഡി.എഫിനും വലിയ പങ്കുണ്ട്. ഡി.സി.സി പ്രസിഡന്റായിരിക്കെ 2007ൽ പി.ടി. തോമസ് മൂന്നാറിലാണിത് തുടങ്ങി വെച്ചത്. പിന്നീട് ശിഷ്യരെ ഉപയോഗിച്ച് കർഷകർക്കെതിരെ നടത്തിയ വേട്ടയാടലുകൾ കുടിയേറ്റകർഷകർ മറന്നിട്ടില്ല. 1964 ൽ പാസാക്കിയ ഭൂപതിവ് ചട്ടത്തിലെ ഭൂവിനിയോഗം സംബന്ധിച്ച് 2010 വരെ ഒരു നിയമപ്രശ്‌നവും ഉടലെടുത്തിരുന്നില്ല. ഡീൻ കുര്യാക്കോസും യൂത്ത് കോൺഗ്രസ് നേതാക്കളുമാണ് കോടതിയെ സമീപിച്ച് നിയമ പ്രശ്‌നങ്ങൾ സങ്കീർണമാക്കി കർഷകർക്കെതിരായ ഉത്തരവുകൾ വാങ്ങിയത്. കൃഷിക്കും വീട് വയ്ക്കുന്നതിനും മാത്രം പതിച്ചു കിട്ടിയ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി കിട്ടില്ലെന്ന് അറിഞ്ഞുതന്നെയാണ് കോടതിയെ സമീപിച്ച് കൃഷിക്കാർക്കെതിരായി ഉത്തരവ് വാങ്ങിയത്. 1964 ലെ ചട്ടപ്രകാരം പതിച്ചുകിട്ടിയ ഭൂമിയിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് തിരിച്ചുപിടിക്കണമെന്ന് കോടതി ഉത്തരവിറക്കി. ഇടുക്കിയിൽ മാത്രമല്ല, കേരളത്തിലാകെ ഭൂമിതിരിച്ചുപിടിക്കണമെന്ന് കോടതി വിധിക്കാൻ സാഹചര്യം സൃഷ്ടിച്ചത് ഡീൻ കുര്യാക്കോസും കെ.പി.സി.സി ഭാരവാഹിയായ അഭിഭാഷകനുമാണ്. ഇതിനിടെ കർഷകരുടെ ഭൂമി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബൈസൺവാലിയിലെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം ഹൈക്കോടതിയിൽ പോയി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട പി. ടി. തോമസിനൊപ്പമാണ് ഡീനും. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ നിന്നും കൃഷി, തോട്ടം ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനായി എൽ.ഡി.എഫ് സർക്കാർ ഇറക്കിയ റിപ്പോർട്ടിനെതിരെ പരിസ്ഥിതി സംഘടനകൾക്കൊപ്പം ചേർന്ന് സുപ്രീംകോടതിയിൽ കേസിൽ കക്ഷിചേർന്ന് ഇടുക്കിയിലെ കർഷകരെ വഞ്ചിച്ചയാളാണ് ഇടുക്കി എം.പി. ബഫർസോൺ വിഷയത്തിൽ വനം വകുപ്പ് യോഗത്തിൽ പങ്കെടുക്കാതെ ഒളിച്ചുകളിച്ച എം.പിയുടെ ഇരുമുഖവും ജനം കണ്ടതാണെന്നും നേതാക്കൾ പറഞ്ഞു.