തൊടുപുഴ: പി എസ് സി നവംബർ ഡിസംബർ മാസങ്ങളിൽ രാവിലെ 8 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന വകുപ്പ് തലത്തിലുള്ള പരീക്ഷകളുടെ സമയം പുന:ക്രമീകരിച്ചു. നവംബർ 17,18,19,23,27,30 ഡിസംബർ 3,7 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ സമയങ്ങളിലാണ് പി എസ് സി മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ 17, ഡിസംബർ 7 എന്നീ തിയതികളിലെ പരീക്ഷകൾ രാവിലെ 10 മുതൽ 12 വരെയും മറ്റ് തിയതികളിലെ പരീക്ഷകൾ രാവിലെ 10 മുതൽ 11.30 വരെയും എന്ന രീതിയിലാണ് സമയം പുന: ക്രമീകരിച്ചിരിക്കുന്നത്. ഈ തിയതികളിലെ പരീക്ഷകളിൽ മിക്കതും രാവിലെ 8 ന് ആരംഭിക്കുന്ന രീതിയിലാണ് പി എസ് സി നേരത്തെ സമയം ക്രമീകരിച്ചിരുന്നത്. ഇത് വിവിധ വകുപ്പുകളിലെ വനിതകൾ, അംഗപരിമിതർ,മറ്റ് ആരോഗ്യ പ്രശ്നം ഉള്ളവർ, ഗർഭിണികൾ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് ഏറെ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരുന്നത്.മറ്റ് ജില്ലകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഭൂവിസ്തൃതിയും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയുമുള്ള ഇടുക്കിയിൽ വകുപ്പ് തലത്തിലുള്ള പരീക്ഷകൾ ഏവർക്കും ദുരിതമാകുന്ന അവസ്ഥയാണ് നിലനിന്നതും.രാവിലെ 8 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് 7.30 ന് മുൻപും 7.30 ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് 7ന് മുൻപും പരീക്ഷാഹാളിൽ പ്രവേശിക്കണം.ഈ സമയങ്ങൾക്ക് ശേഷം എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുമില്ല. പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് ഹാളിൽ എത്തണമെങ്കിൽ വെളുപ്പിന് അല്ലെങ്കിൽ തലേ ദിവസംരാത്രി വീട്ടിൽ നിന്ന് പുറപ്പെടുകയും വേണം.ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് അധികൃതരുടെ അടിയന്തിര ഇടപെടൽ.

തൊടുപുഴയിൽ കേന്ദ്രം അത്യാവശ്യം

ജില്ലയിൽ വകുപ്പ് തല പരീക്ഷ എഴുതുന്നതിന് തൊടുപുഴയിൽ കേന്ദ്രം ഇല്ലാത്തതും ഏറെ ദുരിതമാവുകയാണ്.നിലവിൽ കട്ടപ്പനയിൽ മാത്രമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനകാലത്തും ഏറെ ദുരിതം അനുഭവിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ കട്ടപ്പന കേന്ദ്രത്തിൽ എത്തുന്നത്. മുൻ കാലങ്ങളിൽ ജില്ലയിലെ വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ച് കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ കട്ടപ്പനയിൽ മാത്രം കേന്ദ്രം അനുവദിച്ചത് സ്ത്രീകൾ, അംഗപരിമിതർ, ഗർഭിണികൾ, ആരോഗ്യ പ്രശ്നം ഉള്ളവർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും അധ്യാപകർക്കും ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഉയർന്ന് വന്നിരിക്കുന്നത്. കട്ടപ്പനയിൽ മാത്രം പരീക്ഷ കേന്ദ്രം അനുവദിച്ചിരിക്കുന്നത് കൂടുൽ പ്രതിസന്ധിക്ക് ഇടവരുത്തുമെന്ന് വിവിധ തലങ്ങളിലുള്ളവർ ആരോപിക്കുന്നു. ജില്ലയിൽ തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ചിലുള്ളവർക്കാണ്‌ കട്ടപ്പന കേന്ദ്രം ഏറെ പ്രശ്നം ആകുന്നതും.ഇക്കാര്യത്തിൽ അധികൃതർ അടിയന്തിരമായി ഇടപെടൽ നടത്തി തൊടുപുഴയിൽ കേന്ദ്രം അനുവദിക്കണം എന്നാണ് വിവിധ തലങ്ങളിലുള്ളവരുടെ ആവശ്യം.