police

കൊവിഡിനെ തുരത്തുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ എല്ലാവരും വാനോളം അഭിനന്ദിക്കാറുണ്ട്. എന്നാൽ ആരോഗ്യവകുപ്പിനൊപ്പം തോളോട് തോൾ ചേർന്ന് കൊവിഡിനെതിരെ പൊരുതുന്ന പൊലീസ് ഉദ്യോഗസ്ഥരെ അധികമാരും കാണാറില്ല. ഏഴ് മാസമായി ഊണും ഉറക്കവും ഉപേക്ഷിച്ച് അവർ നമുക്കിടയിലുണ്ട്. രാത്രിയെന്നോ പകലെന്നോ നോക്കാതെ മഴയത്തും വെയിലത്തും തെരുവിൽ അവരെ കാണാം. നമ്മൾ പലരും അവരെ ശത്രുക്കളായി മാത്രമാണ് വീക്ഷിക്കുന്നത്. ചെറിയ ഒരു പാളിച്ച ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വന്നാൽ പിന്നെ സേനയ്ക്ക് മൊത്തമാകും കുറ്റം. അതുവരെ ചെയ്ത നല്ല പ്രവൃത്തികളെല്ലാം വിസ്‌മൃതിയിലാകും. എന്നാൽ ഈ വിമർശനങ്ങളിൽ തളരാതെ അഭിനന്ദനങ്ങൾക്ക് കാത്ത് നിൽക്കാതെ കഴിഞ്ഞ മാർച്ച് മുതൽ അവർ കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. അതിനിടെ രണ്ട് ധീരയോദ്ധാക്കളെ സേനയ്‌ക്ക് നഷ്ടമായി. രണ്ട് ഉദ്യോഗസ്ഥരും ഇടുക്കി ജില്ലക്കാരായിരുന്നു. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അജിതനാണ് ആദ്യം വിടപറഞ്ഞത്. രണ്ടാമത് സേനയ്ക്ക് നഷ്ടമായത് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സി.കെ. രാജുവിനെയായിരുന്നു. ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഏഴ് മാസം കൂടി സർവീസ് ബാക്കിയുള്ളപ്പോഴാണ് വിധി രാജുവിനെ തട്ടിയെടുത്തത്. ഈ മാസം ആദ്യം കാക്കനാട് നിന്ന് മുക്കുപണ്ട പണയ കേസിൽ റിമാൻഡ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ രാജു ഉൾപ്പെടുന്ന സംഘം പോയിരുന്നു. പിന്നാലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളിൽ നിന്നാണ് രാജുവിനും ഒപ്പം പോയ ഉദ്യോഗസ്ഥർക്കും രോഗം വന്നതെന്നതാണ് സംശയിക്കുന്നത്.

അവസാനിക്കാത്ത പോരാട്ടം

മാർച്ചിലായിരുന്നു ഇടുക്കി ജില്ലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അന്ന് മുതൽ രണ്ടായിരത്തോളം പൊലീസുകാർ വിശ്രമമില്ലാത്ത ജോലിയിലാണ്. ലോക്ക്ഡൗൺ ലംഘനങ്ങളുണ്ടാകാതെ ശ്രദ്ധിക്കുകയായിരുന്നു ആദ്യ ജോലി. അതോടൊപ്പം ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിലും മാസ്‌കിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും പ്രവർത്തിച്ചു. ഇതിനിടെ ലോക്ക്ഡൗണിൽ കഷ്ടപ്പെടുന്നവർക്ക് സഹായവുമായി എപ്പോഴും പൊലീസുണ്ടായിരുന്നു. അപ്പോഴും ദൈംനംദിന ജോലികൾക്ക് മുടക്കമുണ്ടായില്ല. ലോക്ക്ഡൗണിൽ ഇളവുകൾ വന്ന് തുടങ്ങിയപ്പോഴേക്കും ജോലി വീണ്ടും കൂടി. ഇതിനിടയിൽ തന്നെ സമരങ്ങളുടെ പെരുമഴയുമെത്തി. വൈറസ് ബാധയുണ്ടാകാൻ അതീവ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യണ്ടി വന്നു.
കൊവിഡ് വ്യാപനം അതിരൂക്ഷമായ കേരളാ- തമിഴ്‌നാട് അതിർത്തിയിൽ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഉദ്യോഗസ്ഥർ ജോലി ചെയ്തത്. ആദ്യഘട്ടങ്ങളിൽ ലോക്ക്ഡൗൺ ലംഘിച്ച് വനപാത വഴി എത്തുന്നവരെ നോക്കിയാണ് നിന്നത്. അതിർത്തി തുറന്നപ്പോൾ ഇവർ കരുതലോടെ നിലകൊണ്ടു. നൂറുകണക്കിന് പേർ ദിവസവും അതിർത്തി കടന്ന് വരുന്നുണ്ടായിരുന്നു. അതിനിടെ അതിർത്തിയിൽ പൊലീസുകാരുടെ മേൽനോട്ടത്തിൽ കല്യാണം വരെ നടന്നു.
ഇപ്പോൾ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ കരുതലോടെയാണ് ജോലി. കൂടാതെ ജില്ലയിൽ കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മുപ്പത്തോളം പേർക്ക് കൊവിഡ് ബാധിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോഴും പ്രതികളെ പിടികൂടുമ്പോഴുമൊക്കെ പൊലീസുകാർക്ക് രോഗം പകരാൻ സാദ്ധ്യത ഏറിയിട്ടുണ്ട്. പലർക്കും ഉറവിടമറിയാത്ത രോഗബാധയും ഉണ്ടാകുന്നുണ്ട്. കൂടുതൽ പേർ നിരീക്ഷണത്തിലാകുന്നു. അതിനാൽ മറ്റുള്ളവർക്ക് ജോലി ഭാരമേറുകയാണ്. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം നിലയ്‌ക്കാതിരിക്കാൻ 20 ശതമാനം ഉദ്യോഗസ്ഥർ റിസർവ് സമ്പ്രദായത്തിൽ വീടുകളിലിരുന്ന് ജോലി ചെയ്യുന്നുണ്ട്.