road

ചെറുതോണി : എഴുപത് ലക്ഷംമുടക്കി നിർമ്മാണം പൂർത്തിയാക്കിയ റോഡ് ആറുമാസം കഴിയും മുമ്പേ പൊളിഞ്ഞു . വാത്തിക്കുടിയിൽ നിർമ്മിച്ച പഞ്ചായത്ത് റോഡാണ് ആറുമാസത്തിനുള്ളിൽ തകർന്നത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉപ്പുതോട് ആര്യപ്പള്ളിപ്പടി റോഡാണ് കരാറുകാരൻ ബില്ലുമാറിയ അടുത്ത ദിവസങ്ങളിൽ തന്നെ പണി പൂർത്തീകരിച്ച മുഴുവൻ ഭാഗവും പൊളിഞ്ഞു പോയത്. കാലങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യം ഉയർന്നതോടെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്ന് 70ലക്ഷം, രൂപ നീക്കി വച്ച് നിർമ്മാണം നടത്തിയത്. പഴയ റോഡ് ആയതിനാൽ മൺവേലകൾ കാര്യമായി ഉണ്ടായില്ല . 70 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും 400 മീറ്റർ ദൂരം മാത്രമാണ് റോഡ് ടാർ ചെയ്തത്. 20 മീറ്ററും 30 മീറ്ററും വീതം ഓരോ കരിങ്കൽകെട്ടുകളും 25 മീറ്റർ കോൺക്രീറ്റ് ഭിത്തിയുമാണ് 70ലക്ഷം രൂപക്ക് നിർമ്മിച്ചത്. ടാർവിരിച്ച് ആറുമാസം പോലുമെത്തും മുൻപ് റോഡ് പൂർണ്ണമായി തകർന്ന് നാട്ടുകാർക്ക് നടക്കാൻ പോലും കഴിയാതായി .ടാറിംഗിൽ കൃത്രിമത്വം നടത്തിയതാണ് റോഡ് പൊളിയാൻ കാരണമെന്നാണ്ആരോപണം ഉയർന്നിരിക്കുന്നത്.