അടിമാലി: ദേശീയപാതയിൽ മരംകടപുഴകി വീഴുന്നതും മരച്ചില്ലകൾ ഒടിഞ്ഞ് വീഴുന്നതും പതിവായി. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന നിർദേശം കാറ്റിൽപ്പറത്തിയത് ഒരു വീട്ടമ്മയുടെ ജീവൻ നഷ്ടമാകുന്ന ഗുരുതരമായ അവസ്ഥയിലേയ്ക്കാണ് എത്തിയത്. വിദഗ്ധ ചികിൽസയ്ക്കായി ആംബുലൻസിൽ കൊണ്ട്‌പോകുന്നതിനിടെ ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതോടെ ചികിൽസ കിട്ടാതെ അടിമാലി മന്നാംങ്കാല ചിറയിലാൻ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീവി (57) ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ കൊച്ചി ധനുഷ് കോടി ദേശീയപാതയിൽപ്പെട്ട വാളറ മൂന്നു കലുങ്കിന് സമീപത്തായിരുന്നു മരംകടപുഴകി വീണത്. 15 മിനിറ്റ് നേരം ആംബുലൻസ് റോഡിൽ കിടക്കുന്നതിനിടെ രക്ത സമ്മർദ്ദംവീണ്ടും കുറഞ്ഞ് വീട്ടമ്മ മരണമടയുകയായിരുന്നു.

ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ നിരവധി മരങ്ങൾ അപകടാവസ്ഥയിൽ ഉണ്ട്.ഇത് വെട്ടിമാറ്റാൻ മുഖ്യമന്ത്രി യായിരുന്നപ്പോൾ വാളറയിൽ എത്തിയ ഉമ്മൻ ചാണ്ടി നേരിട്ട് നിർദ്ദേശം നൽകിയതാണ്. എന്നാൽ വനം വകുപ്പ് നടപടി എടുത്തില്ല. കഴിഞ്ഞ നാല് മാസം മാസം മുൻപ് അടിമാലി വൈദ്യുത വകുപ്പ് ജീവനക്കാർ ജോലി കഴിഞ്ഞ് കാറിൽ കോതമംഗലത്തിന് പോകുകയായിരുന്ന സമയത്ത് ഇതേ ഭാഗത്തുവെച്ച് കാറിനു മുകളിലേയ്ക്ക് മരം വീണിരുന്നു.ഏതാനും വർഷങ്ങൾക്ക് മുൻപ് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് അന്യസംസ്ഥാന വിനോദ സഞ്ചാരിയായ യുവതിയും ഈ വനമേഖലയിൽ മരിച്ചിട്ടുണ്ട്.