തൊടുപുഴ: നാഷണൽ ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിലെ അപാകത ഡീൻ കുര്യാക്കോസ് എം പി ഇടപെട്ടു പരിഹരിച്ചു. കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂൾ 2020ലെ സെക്കൻഡറി, സീനിയർ സെക്കൻഡറി പരീക്ഷാഫലം ആഗസ്റ്റ് ആദ്യവാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 174 വിദ്യാർത്ഥികൾക്ക് ഭാഗികമായ റിസൾട്ടാണ് കിട്ടിയത്. അതിനാൽ ഉപരിപഠനത്തിന് കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഓപ്പൺ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ബിനോദ് സൂര്യയുടെ അഭ്യർത്ഥന പ്രകാരം ഡീൻ കുര്യാക്കോസ് എം.പി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പ്രൊഖ്രിയാൽ നിഷാങ്കുമായി ബന്ധപ്പെടുകയും പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു. തുടർന്ന് രണ്ടര മാസം നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് 27ന് 174 പേരുടെയും പൂർണമായ റിസൾട്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായി. ഇവർക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു വർഷം നഷ്ടപ്പെടാതെ ഉപരിപഠനത്തിനു പോകാമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.