ഏലപ്പാറ: വാഗമൺ ഹരിത ഇടനാഴിയിൽ മാലിന്യം തള്ളിയ പച്ചക്കറി വ്യാപാരിയിൽ നിന്ന് 3,000 രൂപ പിഴ ഈടാക്കി. വാഗമൺ ടീ ജംഗ്ഷനിലെ ഹരിത ചെക് പോസ്റ്റിന്റെ ചുമതലയുള്ള ഹരിതകർമ്മസേനാ കൺസോർഷ്യം ഭാരവാഹികൾ നൽകിയ പരാതിയിലാണ് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ജയൻ ജോൺ ഏലപ്പാറ ടൗണിലെ പച്ചക്കറി വ്യാപാരി കുരുവിത്തോട്ടത്തിൽ അനിലിൽ നിന്ന് ഹരിത നിയമ ലംഘനത്തിന് പിഴ ഈടാക്കിയത്.
സെപ്തംബർ 25ന് രാത്രി പത്തരയോടെയാണ് ലോറിയിൽ കൊണ്ടുവന്ന മാലിന്യം വാഗമൺ ടീ ജംഗ്ഷനിലെ ഹരിത ചെക്പോസ്റ്റിന് സമീപം തള്ളിയത്. ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരിതകർമ്മസേനാംഗങ്ങൾ ലോറി സംശയാസ്പദമായ നിലയിൽ നിറുത്തിയിട്ടത് കണ്ടിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് അഴുകുന്നതും അല്ലാത്തതുമായ മാലിന്യങ്ങൾ കൂട്ടിക്കുഴച്ച് തള്ളിയത് കണ്ടെത്തിയത്. തുടർന്ന് ഹരിതകർമ്മ സേന വാഗമൺ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിലാണ് ലോറിയിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതെന്ന് തെളിഞ്ഞു. പിന്നീട് അനിലിനെ പഞ്ചായത്തിൽ വിളിച്ചുവരുത്തി പിഴയീടാക്കുകയായിരുന്നു. വാഗമണ്ണിനെ മാലിന്യമുക്തമാക്കി നിലനിറുത്തുന്നതിന് ഹരികേരളവും ഏലപ്പാറ പഞ്ചായത്തും ചേർന്ന് വാഗമൺ പദ്ധതി നടപ്പാക്കി വരികയാണ്. അതിനിടയിലാണ് പദ്ധതിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മാലിന്യം വഴിയരികിൽ തള്ളിയത്.