ഇടുക്കി: സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിനായി നോഡൽ ഏജൻസിയായി തിരഞ്ഞെടുത്ത ഇടുക്കി ജൈവഗ്രാം ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മാർക്കറ്റിംഗ് ശൃംഖല ആരംഭിക്കുകയാണ്. മാർക്കറ്റിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 11ന് ചെറുതോണിയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി. എം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ തുടങ്ങിയവർ സംസാരിക്കും. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ഹോർട്ടികോർപ്പുമായും സഹകരണ ബാങ്കുകളുമായും കർഷക കൂട്ടായ്മകളിലൂടെയും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ മാർക്കറ്റിംഗ് ശൃംഖലയിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ചെറുതോണിയിൽ ആരംഭിക്കുന്ന ശൃംഖലയിലൂടെ ഹോം ഡെലിവറി സംവിധാനവും ഒരുക്കും.