തൊടുപുഴ: മലയാള ദിനാഘോഷവും ഏഴുവരെയുള്ള ഭരണഭാഷാ വാരാഘോഷവും കൊവിഡ്​- 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തും. മന്ത്രി എം.എം. മണി ഓൺലൈനിൽ മലയാള ദിന സന്ദേശം നൽകും. വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ഓഫീസ് എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് മലയാള വായനാ മത്സരവും, ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി വിഭാഗത്തിന് മലയാള കവിതാലാപന മത്സരവും നടത്തും. കോളേജ് വിദ്യാർത്ഥികൾക്ക് മലയാളദിന സോഷ്യൽ മീഡിയ പോസ്റ്റർ ഡിസൈൻ മത്സരം ഉണ്ടാകും. മൂന്നു മിനിറ്റിൽ കൂടാത്ത വിധം ഒക്ടോബർ 31 ലെ മലയാള ദിനപ്പത്രത്തിലൊന്നിലെ എഡിറ്റോറിയലാണ് വായനാ മത്സരത്തിന് വായിക്കേണ്ടത്. ഗാനാലാപന വിഭാഗത്തിൽ മൂന്ന് മിനിട്ടിൽ കവിയാത്ത മലയാള മഹിമ ഉദ്‌ഘോഷിക്കുന്ന ഗാന ഭാഗവും ആലപിക്കണം. എല്ലാ വിഭാഗത്തിലും വിഡിയോ എടുത്ത് വാട്ട്സാപ്പിലയച്ചാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. താത്പര്യമുള്ളവർ എൻട്രികൾ 9496000620 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യണം. നവംബർ ഒന്ന് ഞായർ രാവിലെ പത്തു മുതൽ രാത്രി 12 വരെ ലഭിക്കുന്ന എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കൂ. മത്സരാർത്ഥികൾ പഠിക്കുന്ന ക്ലാസ്, ഫോട്ടോ പതിച്ച സ്‌കൂൾ/ കോളേജ് ഐഡന്ററ്റി കാർഡ്, പൂർണ മേൽവിലാസം എന്നിവകൂടി വാട്ട്സാപ്പിൽ അയക്കണം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനം നൽകും.