ഇടുക്കി: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം മൊബൈൽ നെറ്റ് വർക്കുകളുടെ സേവനം ലഭ്യമാക്കുന്നതിനും നെറ്റ് വർക്ക് തടസങ്ങൾ പരിഹരിക്കുന്നതിനുമായി നടപടികൾ സ്വീകരിക്കുമെന്ന് മൊബൈൽ സേവനദാതാക്കൾ. കളക്ട്രേറ്റിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പഴമ്പള്ളിച്ചാൽ, മുക്കുളം, മുണ്ടന്നൂർ, ചിന്നപ്പാറക്കുടി, കുറത്തിക്കുടി, മൂന്നാർ ഗുണ്ടുമല എസ്‌റേറ്റ്, കൈതപ്പാറ, സന്യാസിയോട തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ നെറ്റുവർക്കുകളുടെ സേവനം ലഭ്യമല്ലാത്തതും തടസപ്പെടുന്നതും എം.പിയും കളക്ടറും സേവനദാതാക്കളെ അറിയിച്ചു. സേവനം തടസമില്ലാതെ ലഭിക്കുന്നതിനും ഒറ്റപ്പെട്ട മേഖലകളിൽ സേവനം എത്തിക്കുന്നതിനും ആവശ്യമായ പ്രൊപ്പോസൽ രണ്ടാഴ്ചയ്ക്കകം തയ്യാറാക്കി നൽകുമെന്ന് മൊബൈൽ സേവനദാതാക്കളുടെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി എന്നിവർ പങ്കെടുത്ത യോഗത്തിൽ മൊബൈൽ സേവനദാതാക്കളുടെ പ്രതിനിധികൾ ഓൺലൈനായി പങ്കു ചേർന്നു. മൊബൈൽ റേഞ്ചിന്റെ അഭാവം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്.ഒട്ടേറെ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് നിത്യവും വന്ന്കൊണ്ടിരിക്കുന്നത്.