തൊടുപുഴ: യു.ഡി.എഫിന്റെ സ്പീക്ക് അപ്പ് കേരള സമരപരിപാടിയുടെ അഞ്ചാംഘട്ടമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പിണറായി സർക്കാരിനെതിരെ ജില്ലയിലെ 861 വാർഡുകളിൽ രാവിലെ 11ന് 10 പേർ വീതം സത്യാഗ്രഹം അനുഷ്ഠിച്ച് വഞ്ചനാദിനം ആചരിക്കും. എല്ലാ അഴിമതികളുടെയും കേന്ദ്രബിന്ദുവുമായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി. ജലീലും രാജി വച്ച് അന്വേഷണം നേരിടുക, പിൻവാതിൽ, അനധികൃത-കരാർ നിയമനങ്ങൾ റദ്ദാക്കുക, ഒഴിവുള്ള തസ്തികകളിൽ പി.എസ്.സി വഴി അടിയന്തിരമായി നിയമനം നടത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും, ഫണ്ട് വെട്ടിക്കുറച്ച് വികസന സ്തഭനം സൃഷ്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി അവസാനിപ്പിക്കുക, വാളയാർ കുടുംബത്തിന് നീതി ഉറപ്പാക്കുക, ഹത്രാസിൽ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ ദളിത് ബാലികയുടെ കുടുംബത്തിനു നീതി നൽകുക, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിത്- ആദിവാസി- ന്യൂനപക്ഷ ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുക, പാർലമെന്റ് പാസാക്കിയ കർക്ഷകരെ ദ്രോഹിക്കുന്ന കരി നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം. ജില്ലാതല ഉത്ഘാടനം മൂന്നാറിൽ ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാരും നഗരസഭാ കൗൺസിലർമാരും അതത് വാർഡുകളിൽ സമരത്തിന് നേതൃത്വം നൽകും. . കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് പൊതു സ്ഥലങ്ങളിൽ വെച്ചായിരിക്കും സത്യാഗ്രഹം.