
മുട്ടം: മലങ്കര ഹില്ലി അക്വാ കുപ്പി വെള്ള പ്ലാന്റിന് സമീപമുള്ള തുരുത്തേൽ പാലത്തിൻ്റെ അപകടവാസ്ഥക്ക് ശാശ്വത പരിഹാരം ഇനിയുമായില്ല..പാലത്തിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയില്ലാതെ വലിയ അപകട സാദ്ധ്യത നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതിനെ തുടർന്ന് അടുത്തിടെ ഒരു വശം കോൺക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി കെട്ടി. എന്നാൽ പാലത്തിന്റെ മറ്റ് ഭാഗത്തുള്ള അപകട ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണ്. പാലത്തിന്റെ കൈവരിയുടെ ഇടയിലുള്ള ഭാഗത്തിലൂടെ ചെറുവാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യത ഏറെയാണ് .മുട്ടം ഭാഗത്ത് നിന്ന് തൊടുപുഴക്ക് വരുന്ന വാഹനങ്ങൾക്കാണ് ഏറെ പ്രശ്നം. ഇതിനോട് ചേർന്ന് ഒരു ഇരുമ്പ് പൈപ്പ് മാത്രമാണ് വെച്ചിട്ടുള്ളത്. പാലത്തിന്റെ ഒരു വശം നല്ല രീതിയിൽ കോൺക്രീറ്റ് ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കിയപ്പോൾ മറുഭാഗത്തെ അപകട സാദ്ധ്യത അധികൃതർ കണ്ടില്ലെന്ന് നടിച്ചതാണ് പ്രശ്നമാകുന്നത്.