തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രി സുവർണ ജൂബിലി നിറവിലേയ്ക്ക്. 1969 ൽ മുതലക്കോടം പള്ളിയോടനുബന്ധിച്ച് ഡിസ്‌പെൻസറിയായി പ്രവർത്തനമാരംഭിച്ച് 1971 ൽ 75 കിടക്കകളും രണ്ട് സ്‌പെഷ്യാലിറ്റികളും മാത്രം ഉണ്ടായിരുന്ന ആശുപത്രിയിൽ ഇന്ന് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും മുന്നൂറിൽപരം ബെഡുകളും 11 സൂപ്പർ സ്‌പെഷ്യാലിറ്റികളും ഉൾപ്പടെ 25ൽപരം ഡിപ്പാർട്ട് മെന്റ്കളുമുണ്ട്. സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ ചികിത്സാ പദ്ധതികൾ ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അർഹരായ രോഗികൾക്ക് 100 സൗജന്യ ശസ്ത്രക്രിയകൾ, 'ഹൃദയപൂർവ്വം' പദ്ധതി പ്രകാരം സൗജന്യ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റികൾ, ഹോളി ഫാമിലി ഗോൾഡൻ പ്രിവിലേജ് കാർഡ് വഴി 999 രൂപയ്ക്ക് ഹെൽത്ത് ചെക്കപ്പ്, ഒരു വർഷ സൗജന്യ ഒ.പി കൺസൾട്ടേഷൻ,​ ഹോളി ഫാമിലി സീനിയർ സിറ്റിസൺ ഹെൽത്ത് പ്രോഗ്രാം വഴി തൊടുപുഴ നഗരസഭാ പരിധിയിലെ വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് ചികിത്സാസഹായം, 'ആരോഗ്യ ബാല്യം' സ്‌കൂൾ ഹെൽത്ത് പ്രോജക്ട് വഴി വിദ്യാർത്ഥികൾക്ക് സൗജന്യ ഹെൽത്ത് ചെക്കപ്പ്, ഹെൽത്ത് കാർഡ്, 'ഗുരുവന്ദനം' പദ്ധതി പ്രകാരം അദ്ധ്യാപകർക്ക് ഹെൽത്ത് പാക്കേജ്, നവീന രീതിയിലുള്ള ജെറിയാട്രിക് കെയർ സെന്റർ, നിലവിലുള്ള പെയിൻ & പാലിയേറ്റീവ് കെയറിന്റെ നവീകരണം, ഗർഭിണികൾക്കും അവരുടെ പങ്കാളികൾക്കും ഗർഭകാല അവസ്ഥയെക്കുറിച്ചും നവജാത ശിശുക്കളുടെ പരിചരണത്തേക്കുറിച്ചുമുള്ള സമഗ്ര മാതൃശിശു ബോധവത്കരണ പദ്ധതി എന്നിവയും ഉണ്ടാകും. ഇതോടൊപ്പം ഓരോ മാസവും ഓരോ ഡിപ്പാർട്ടുമെന്റിന്റെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായുള്ള വിവിധ ചികിത്സാ പദ്ധതികളും ബോധവത്കരണ പരിപാടികളും നടത്തും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. സ്റ്റാഫ് വെൽഫയർ പ്രോഗ്രാമിന്റെ ഭാഗമായി തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ സിസിലി ജോസഫും 31ന് നിർവ്വഹിക്കും. വാർത്താമ്മേളനത്തിൽ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ റവ. സി. മേഴ്‌സി കുര്യൻ എസ്.എച്ച്, സുവർണ്ണ ജൂബിലി ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. ഉല്ലാസ് ആർ. മുല്ലമല, ഡോ. സി. ആഷ മരിയ എസ്.എച്ച് എന്നിവർ പങ്കെടുത്തു.