
വണ്ണപ്പുറം: മാസങ്ങൾക്ക് മുമ്പേ റോഡ് നിർമിക്കാൻ കിഫ്ബിയുടെ അനുമതി കിട്ടിയിട്ടും ഓരോ ദിവസം കഴിയുന്തോറും വണ്ണപ്പുറം- ചേലച്ചുവട് റോഡിലെ കുഴികൾ കൂടുന്നതല്ലാതെ ഒരു പുരോഗതിയുമില്ല. വണ്ണപ്പുറത്തു നിന്ന് ആരംഭിച്ച് കഞ്ഞിക്കുഴി- ചേലച്ചുവട്- കരിമ്പൻ- മുരിക്കാശേരി- തോപ്രാംകുടി- എഴുകുംവയൽ- കല്ലാർ- തൂക്കുപാലം വഴി രാമക്കൽമേട്ടിൽ എത്തുന്ന പാതയാണിത്. ഹൈറേഞ്ചും ലോറേഞ്ചും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്ന്. പതിറ്റാണ്ടുകളായി നിരവധിപ്പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ നിലവിലുള്ള റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. പലയിടത്തും ആവശ്യത്തിന് വീതിയുമില്ല. തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെയുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് തീരെ വീതിയില്ലാത്തത്. ഒരു വാഹനത്തിന് മറ്റൊന്നിനെ മറികടക്കാൻ പോലും ബുദ്ധിമുട്ടാണ്. മിക്കയിടങ്ങളിലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴയത്ത് വെള്ളം നിറഞ്ഞ് കിടക്കുന്ന ഈ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. മുണ്ടൻമുടി പള്ളിയുടെ താഴെയാണ് വലിയ കുഴികളുള്ളത്. എന്നാൽ വർഷവും അറ്റകുറ്റപണിയുടെ പേരിൽ കുഴികളടയ്ക്കുമെങ്കിലും താമസിയാതെ ഇരട്ടിയായി ഇത് തിരിച്ചുവരും. വണ്ണപ്പുറം മുതൽ വെൺമണിവരെയുള്ള ഭാഗം പൂർണമായും കയറ്റിറക്കങ്ങളാണ്. പലയിടത്തുമുള്ള കൊടുംവളവുകളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കിലോമീറ്ററുകളോളം ദൂരത്തിലുള്ള റോഡിന്റെ ഒരുഭാഗം അഗാധമായ കൊക്കയാണ്. പലപ്പോഴും വഴിപരിചയമില്ലാത്ത ആളുകളാണ് അപകടത്തിൽപ്പെടുന്നത്. മുണ്ടൻമുടി ഭാഗം മുതൽ റോഡിൽ എപ്പോഴുമുള്ള വെള്ളക്കെട്ടും അപകടത്തിനിടയാക്കുന്നുണ്ട്. അപ നേരത്തേ ഈ റോഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല. ഇതിന് ശേഷമാണ് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചത്. റോഡ് നിർമാണം പൂർത്തിയായാൽ തൊടുപുഴ മേഖലയിൽ നിന്ന് ഹൈറേഞ്ചിലേക്കുള്ള യാത്രാ പ്രശ്നത്തിന് പരിഹാരമാകും. മികച്ച പാത വന്നാൽ വണ്ണപ്പുറം, കഞ്ഞിക്കുഴി, ചേലച്ചുവട് തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിന് ആക്കം കൂട്ടും.
അനുമതിയുണ്ട്, പക്ഷേ
97.5 കിലോമീറ്റർ ദൈർഘ്യമുള്ള വണ്ണപ്പുറം- ചേലച്ചുവട്- രാമക്കൽമേട് റോഡ് മൂന്ന് ഘട്ടങ്ങളിലായി നിർമിക്കുന്നതിന് 73.2 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അനുമതി ലഭിച്ചതാണ്. ആദ്യഘട്ടത്തിൽ രാമക്കൽമേട്ടിൽ നിന്ന് ആരംഭിച്ച് 28 കിലോമീറ്റർ നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഏഴ് മീറ്റർ വീതിയിൽ ടാർ ചെയ്ത് ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്താണ് റോഡ് നിർമിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ആരംഭിക്കും. എന്നാൽ റോഡ് അളന്ന് പോയതല്ലാതെ ഇതുവരെ സ്ഥലമേറ്റെടുക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
'വർഷാവർഷം കുഴിയടച്ച് പോയിട്ട് ഒരു കാര്യവുമില്ല. ടാറിംഗ് കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വലിയ കുഴി രൂപപ്പെടും. അടിയന്തരമായി റോഡ് വീതി കൂടി റബറൈസ്ഡ് ടാറിംഗ് ചെയ്യണം "
-ജിനീഷ് കെ.ആർ.
(പ്രസിഡന്റ്, യൂത്ത്മൂവ്മെന്റ് കഞ്ഞിക്കുഴി, ശാഖ)