കുമളി: പാർലമെന്റ് പാസാക്കിയ മുന്നാക്ക സമുദായ സംവരണത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള കേസുകളിൽ തീർപ്പ് ഉണ്ടാകുന്നതിനു മുൻപ് സംസ്ഥാന സർക്കാർ മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് കേര ള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ആവശ്യപ്പെട്ടു.
കേരള വിശ്വകർമ്മ സഭ ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരും ഭരണത്തിൽ പങ്കാളിത്തം ഇല്ലാത്തവരുമായ ജനവിഭാഗത്തിന് ഭരണ പങ്കാളിത്തം ഉറപ്പു നൽകുന്നതാണ് ഉദ്യോഗ സംവരണം. സാമ്പത്തിക അവശത പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അല്ല സംവരണം. മാത്രമല്ല സർക്കാർ സർവീസിലെ സമുദായ പ്രാതിനിത്യം കണക്കാക്കാതെ ധൃതിപിടിച്ച് മുന്നാക്ക സംവരണം ഏർപ്പെടുത്തിയത് ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല.
ഇ .എം.എസിന്റെ കാലം മുതൽ സാമ്പത്തിക സംവരണം മനസ്സിൽ കൊണ്ട് നടക്കുന്ന മാർക്‌സിസ്റ്റ് പാർട്ടി ദേവസ്വം ബോർഡിൽ 96 ശതമാനം പ്രാതിനിത്യമുള്ള മുന്നാക്ക സമുദായങ്ങൾക്ക് 10ശതമാനം സംവരണം കൂടി നൽകി സാമ്പത്തിക സംവരണം നടപ്പാക്കുകയാണ് ചെയ്തത് . ദേവസ്വം ബോർഡിൽ സംവരണം ഏർപ്പെടുത്തിയപ്പോൾ അഹിന്ദുക്കളുടെ വിഹിതമായ 18ശതമാനം ഹിന്ദു സമുദായങ്ങൾക്ക് വീതംവെച്ച് നൽകിയപ്പോഴും അപ്പോഴും വിശ്വകർമ്മ സമുദായത്തെ പൂർണ്ണമായും ഒഴിവാക്കിയതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സതീഷ് കോടിയാനി ചിറ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി സജി വെമ്പള്ളി, കെ.എ അരുണാചലം, സി.വി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു