തൊടുപുഴ:ഡീൻ കുര്യാക്കോസ് എം പിയുടെ നിരാഹാര സത്യാഗ്രഹ സമരം ഒറ്റുകാരന്റെ പ്രായശ്ചിത്ത സമരമാണെന്ന എൽ ഡി എഫ് ജില്ലാ കൺവീനർ കെ കെ ശിവരാമന്റെയും, സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെയും ആരോപണം അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ അവഗണിക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും പറഞ്ഞു..
എന്നും എപ്പോഴും ജനങ്ങളെ വഞ്ചിച്ച ചരിത്രമാണ് ഇടതു മുന്നണിയുടേത്. കസ്തൂരിരംഗൻ വിഷയത്തിൽ ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ച കേരളത്തിലെ യു ഡി എഫ് സർക്കാരിന്റെ ആവശ്യ പ്രകാരം കേന്ദ്രത്തിലെ യു പി എ സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിനെതിരെ ബന്തും ഹർത്താലും നടത്തിയവരാണ് ഇടതു മുന്നണി. എന്നാൽ കഴിഞ്ഞ നാലു വർഷത്തിലേറെകാകലമായി കേരളം ഭരിക്കുന്ന ഇടതു മുന്നണി സർക്കാർ കസ്തൂരിരംഗൻ റിപ്പോട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ ഒരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകയാണ്.
ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് അന്തിമ പരിഹാരമുണ്ടാക്കാൻ യു ഡി എഫിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡീൻകുര്യാക്കോസ് വോട്ട് അഭ്യർത്ഥിച്ചത്.
സർക്കാർ ഇതുവരെ തയ്യാറാകാത്തതു കൊണ്ടാണ് ജനങ്ങളോട് നൽകിയ വാഗ്ദാനം പാലിക്കാനായി നിരാഹാര സമരം നടത്താൻ ഡീൻകുര്യാക്കോസ് എം പി നിർബന്ധിതനായത്. എം പിയെ ഒറ്റുകാരൻ എന്നാക്ഷേപിക്കുന്ന ഇടതുമുന്നണി നേതാക്കൾ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.
സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ജില്ലയിലെ ഇടതു മുന്നണി നേതാക്കൾ മൗനം പാലിക്കുന്നത് അർത്ഥ ഗർഭമാണ്. യഥാർത്ഥ തട്ടിപ്പുകാർ ആരെന്നതിന്റെ തെളിവാണ് ഇടതു മുന്നണിയുടെ മൗന
മെന്നും നേതാക്കൾ പറഞ്ഞു.