തൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചെന്ന് അവകാശപ്പെടുന്ന കേരളാ കോൺഗ്രസ് (എം)​ ജോസ് വിഭാഗം എം.എൽ.എ റോഷി അഗസ്റ്റ്യൻ 1964ലെ ഭൂപതിവ് ചട്ടങ്ങൾ ഭേതഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിർമ്മാണ നിരോധന ഉത്തരവിന്റെ പേരിൽ സമരത്തിന് നേതൃത്വം നൽകിയവർ അവിഹിത ബാന്ധവത്തിലൂടെ ഇടത് മുന്നണിയുടെ ഭാഗമായി മാറിയപ്പോൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണം. മുമ്പ് നിയമസഭയിൽ ഈ വിഷയം പരിഹരിക്കുന്നത് വരെ നിരാഹാര സമരം പ്രഖ്യാപിച്ച റോഷി അഗസ്റ്റ്യൻ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.

എം.പിയുടെ നിരാഹാരസമരം ഒന്ന് മുതൽ

വിവാദ ഉത്തരവുകൾ പിൻവലിച്ച് ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഒന്നിന് കേരളപ്പിറവിദിനത്തിൽ കട്ടപ്പനയിൽ അനശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.