തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യ ട്രേഡ് യൂണിയൻ സമിതിയും അദ്ധ്യാപക സർവീസ് സംഘടനകളും നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണപ്രവർത്തനങ്ങൾ രൂപം നൽകുന്നതിനുള്ള അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ജില്ലാ കൺവെൻഷൻ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. വെർച്ച്വൽ
പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കൺവെൻഷൻ കെജിഒഎഫ് ജനറൽ സെക്രട്ടറി എസ് വിനോദ് മോഹനൻ ഉദ്ഘാടനം ചെയ്യും.എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും ജില്ലാ നേതാക്കൾ പ്രസംഗിക്കും.

പങ്കാളിത്ത പെൻഷൻ അവസാനിപ്പിച്ച് എല്ലാവർക്കും പഴയ പെൻഷൻ പദ്ധതി ബാധകമാക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക,കേന്ദ്രസംസ്ഥാന പൊതുമേഖലാ സർവീസിലെ നിർബന്ധിത പിരിച്ചുവിടൽ നിയമം പിൻവലിക്കുക, ജനവിരുദ്ധ തൊഴിൽ നിയമ ഭേദഗതിയും കാർഷിക നിയമ ഭേദഗതിയും പിൻവലിക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക,നിയമന നിരോധനം ഒഴിവാക്കി എല്ലാ തസ്തികകളും നികത്തുക,തൊഴിലുറപ്പ് ദിനവും കൂലിയും ഉയർത്തുക, ആദായനികുതി ബാധകമല്ലാത്ത എല്ലാവർക്കും പ്രതിമാസം 7500 രൂപയും പത്ത് കിലോ ഭക്ഷ്യധാന്യവും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

പണിമുടക്ക് വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണപ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മുന്നോടിയായി ചേർന്ന കൺവെൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരോടും സംയുക്ത സമരസമിതി ചെയർമാൻ ഡി ബിനിലും കൺവീനർ സി എസ് മഹേഷും അഭ്യർത്ഥിച്ചു.