മറയൂർ: വനംവരുപ്പിന്റെ വാഹന പരിശോധനക്കിടെ ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനവുമായി രണ്ട് പേർ പിടിയിൽ, ഒരാൾ ഓടിരക്ഷപെട്ടു. മറയൂർ ചിന്നവര സ്വദേശി രാംകുമാർ(25), കാപ്പിസ്റ്റോർ സ്വദേശി രഞ്ജിത്ത്(24) എന്നിവരാണ് പിടിയിലായത്. ആനക്കാൽപെട്ടി സ്വദേശി പ്രദീപ് (27) ഓടി രക്ഷപെട്ടു. ഇവരിൽ നിന്നും 25 കിലോ ചന്ദനം കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടുകൂടി പള്ളനാട് കുരിശ്പള്ളിക്ക് സമീപം വനപാലക സംഘം വാഹന പരിശോധന നടത്തിവരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. റോഡിൽ പരിശോധനക്ക് നില്ക്കുന്ന വനപാലകരെ കണ്ട മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. വാഹനം പരിശോധിച്ചതിൽ രണ്ട് ചാക്ക് കെട്ടുകളിലായി സൂക്ഷിച്ചിരുന്ന 25 കിലൊ ചന്ദനം കണ്ടെത്തി. രാംകുമാറിനേയും രഞ്ചിത്തിനേയും വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മറയൂർ അക്കരസീമ ഭാഗത്ത് നിന്നും മോഷ്ടിച്ച ചന്ദനമാണ് പിടികൂടിയതെന്നും വില്പനക്കായി മലപ്പുറം ഭാഗത്തേക്ക് കടത്തുകയായിരുന്നു പ്രതികളെന്നും നാച്ചിവയൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ വി ഫിലിപ് പറഞ്ഞു.
ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ടി.ആർ.ബിജു, റെനി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.എ ശ്രീകാന്ത്, എ.ജി രതീഷ് എന്നിവരടങ്ങുന്ന വനപാലക സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.