 
ഇടുക്കി: കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആർച്ച് ഡാം നിർമ്മിക്കാൻ സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവൻ ചെമ്പൻ കൊലുമ്പന്റെ നവീകരിച്ച സമാധി സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് വെള്ളാപ്പാറയിൽ നടക്കും. ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ വൈദ്യുത മന്ത്രി എംഎം മണി അദ്ധ്യക്ഷത വഹിക്കും.
2015 ൽ പുരാവസ്തു വകുപ്പിന്റെ കീഴിൽ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളാപ്പാറയിൽ പ്രവർത്തനമാരംഭിച്ച പദ്ധതിയാണിത്. 70 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. . സമാധി സ്ഥലത്ത് കൊലുമ്പന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നതിനും കൊത്തുപണികളോടെ കുടീരം നിർമ്മിക്കുന്നതിനും നിലവിലുള്ളവ പരമ്പരാഗത സ്വഭാവത്തോടെ നവീകരിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്മാരകത്തിനോട് ചേർന്ന് ഇടുക്കി ഡാമിന്റെ ചരിത്രം, ഇടുക്കിയുടെ പഴമ, നിർമ്മാണ സമയത്തെ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ബുക്ലെറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തുന്ന സ്റ്റാൾ കൂടി സജ്ജമാക്കും.
വെള്ളപ്പാറയിൽ പൂർത്തിയായ ചെമ്പൻ കൊലുമ്പൻ സമാധി ഇടുക്കി ഡാമിന്റെ പ്രധാന ആകർഷണ കേന്ദ്രമാകും. തനത് കേരള തച്ചുശാസ്ത്ര മാതൃകയിലാണ് അഷ്ടകോൺ മണ്ഡപം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഷ്ടകോൺ മണ്ഡപത്തിൽ കരിങ്കല്ലിൽ തീർത്ത പഞ്ച വർഗപീഠത്തിലാണ് ചെമ്പൻ കൊലുമ്പന്റെ അഞ്ചേമുക്കാൽ അടി പൊക്കമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് .27 അടി ഉയരത്തിലാണ് മണ്ഡപം ചെയ്തിരിക്കുന്നത്. കൊലുമ്പനെ സമാധി ചെയ്ത സ്ഥലത്ത് കരിങ്കല്ലിൽ തീർത്ത പഞ്ചവർഗ്ഗ കല്ലറയും സമാധിക്കു സമീപം 20 അടി പൊക്കമുള്ള സിമെന്റിൽ തീർത്ത മരവും അതിൽ ഒരു ഏറുമാടത്തിന്റെ ഒരു മാതൃകയും ചെയ്തിട്ടുണ്ട്. അതിനുചുറ്റും സിമെന്റിൽ തീർത്ത ആന, പുലി , മാൻ എന്നിവയുടെ ശില്പം നിർമ്മിച്ചിട്ടുണ്ട്.
യോഗത്തിൽ അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിൻ എംഎൽഎ സ്വാഗതവും ജില്ലാ കളക്ടർ എച്ച് ദിനേശൻ ആമുഖ പ്രസംഗവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വിഎം, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിവി വർഗീസ്, അനിൽ കൂവപ്ലാക്കൽ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം ജലാലുദ്ധീൻ, പഞ്ചായത്താംഗം പ്രഭാ തങ്കച്ചൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, ഡിറ്റിപിസി സെക്രട്ടറി ഇൻ ചാർജ് ഗിരീഷ് പിഎസ്, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.