ഇടുക്കി : ജില്ലാ പൈതൃക മ്യൂസിയം ഉദ്ഘാടനം നവംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് 2 ന് പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പ് മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും.
ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യ ഭരിതവുമായ പൈതൃകങ്ങൾ ഭാവി തലമുറയ്ക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയം വിഭാവനം ചെയ്തത്. മ്യൂസിയം സജ്ജീകരണത്തിന്റെ മുന്നോടിയായി ജനങ്ങളുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പൈതൃക വസ്തുക്കളും അവയെക്കുറിച്ചുള്ള അറിവുകളും ശേഖരിക്കുകയുണ്ടായി.
ആദിമകാലം മുതൽ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഈടുവെപ്പുകൾ സമഗ്രമായി ആവിഷ്‌കരിക്കുന്ന ജില്ല പൈതൃക മ്യൂസിയം പൈനാവിലെ കുയിലിമലയിൽ പൂർത്തിയാക്കിയിരിക്കുന്നു.
കുയിലിമല ജില്ലാ പൈതൃക മ്യൂസിയം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ. എസ് ബിജിമോൾ, പി.ജെ ജോസഫ്, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സ്വാഗതവും കൺസർവേഷൻ ഓഫീസർ എസ്. ജെയ് കുമാർ നന്ദിയും പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുഭാഷ്, ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, പുരാരേഖ വകുപ്പ് ഡയറക്ടർ രജികുമാർ ജെ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ് അബു എന്നിവർ പങ്കെടുക്കും.