subjudge
ലീഗൽ സർവീസസ് അതോറിട്ടി ചെയർമാൻ ദിനേശ് എം. പിള്ള ജില്ലാ ആശുപത്രി സന്ദർശിച്ചപ്പോൾ

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതിനാൽ കൊവിഡ് രോഗി ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയെ തുടർന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനും സബ് ജഡ്ജുമായ ദിനേശ് എം. പിള്ള ജില്ലാ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി. വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതിനാൽ വെങ്ങല്ലൂർ സ്വദേശിയായ 52 കാരി ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച സംഭവം വിവരാവകാശ പ്രവർത്തകൻ അഡ്വ. ടോം തോമസ് പൂച്ചാലിൽ ലീഗൽ സർവീസസ് അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അതോറിട്ടി ചെയർമാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് രണ്ട് വെന്റിലേറ്ററുകൾ ഉണ്ടായിരുന്നെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എട്ടു വെന്റിലേറ്റർ കൂടി ക്രമീകരിച്ചിട്ടുണ്ടെന്നും ഡി.എം.ഒ റിപ്പോർട്ട് നൽകി. ഐ.സി.യുവിലേക്കുള്ള ഓക്സിജൻ വിതരണ സംവിധാനം പുരോഗമിക്കുകയാണെന്നും ഇത് പ്രവർത്തന സജ്ജമാകുന്നതോടെ കൂടുതൽ കൊവിഡ് രോഗികളെ ഇവിടെ പ്രവേശിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അതോറിട്ടി ചെയർമാൻ ദിനേശ് എം. പിള്ള ഇന്നലെ വൈകിട്ട് 4.30 ഓടെ ആശുപത്രിയിൽ സന്ദർശനം നടത്തിയത്. സാധാരണക്കാരായ കൊവിഡ് രോഗികൾക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ഇടപെടൽ. കൊവിഡ് രോഗികൾക്ക് 10 ശതമാനം കിടക്കകൾ നീക്കി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയാൻ സ്വകാര്യ ആശുപത്രി അസോസിയേഷനും ഐ.എം.എയ്ക്കും അടുത്ത മാസം 11ന് ഹാജരാകാൻ ലീഗൽ സർവീസസ് അതോറിട്ടി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.

'യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ആശുപത്രിയിലെ കൊവിഡ് ഐ.സി.യു പ്രവർത്തിക്കുന്നത്. പത്തോളം വെന്റിലേറ്ററുകൾ ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുകയോ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇതു പ്രായോഗികമല്ല. വെന്റിലേറ്റർ പ്രവർത്തിപ്പിക്കാൻ ടെക്നീഷ്യൻമാരോ സ്റ്റാഫുകളോ ഇല്ല. ആരോഗ്യവകുപ്പിന്റെ വീഴ്ചയാണ് അനാസ്ഥയ്ക്ക് കാരണമായത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർക്ക് വിശദ റിപ്പോർട്ടു നൽകും. നടപടിയായില്ലെങ്കിൽ ഹൈക്കോടതിയുടെ അഭിപ്രായം തേടി മറ്റുകാര്യങ്ങളിലേയ്ക്ക് കടക്കും"

​​-ദിനേശ് എം. പിള്ള (ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ)