തൊടുപുഴ: ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അറുതിയില്ലാതെ തുടരുന്നു. തൊടുപുഴ ഉണ്ടപ്ലാവിൽ അഞ്ചുവയസുകാരനെ മർദിച്ച സംഭവവും കട്ടപ്പനയിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവും ഇതിൽ അവസാനത്തേതാണ്. കുമാരമംഗലത്ത് ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. സ്ത്രീകൾക്കെതിരായി 308 കുറ്റകൃത്യങ്ങളാണ് ഒമ്പത് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 65 എണ്ണം സ്ത്രീകൾക്കെതിരായ ശാരീരിക പീഡനമാണ്. 65 എണ്ണം ഇവർക്ക് നേരിട്ട മാനഹാനിയുമായി ബന്ധപ്പെട്ടാണ്. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരെ ഈ വർഷം ഇതുവരെ 150 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അമ്പതും കുട്ടികളെ പീഡിപ്പിച്ച കേസുകളാണ്. പീഡനശ്രമത്തിന് ഒരു കേസുമെടുത്തിട്ടുണ്ട്. 56 കുറ്റകൃത്യങ്ങൾ മാനഹാനിയുണ്ടാക്കിയതിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന ബാലനീതി നിയമപ്രകാരം 23 കേസുകളാണ് ഈ വർഷമെടുത്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 10 പേർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ആറ് പ്രകൃതിവിരുദ്ധ പീഡ‌നങ്ങളും ഇക്കാലത്ത് ഉണ്ടായി. തട്ടികൊണ്ടു പോയതിന് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അന്നും അതിക്രമം ഉണ്ട്

മുമ്പ് കേസുകൾ കുറവായിരുന്നത് അതിക്രമങ്ങൾ കുറവായിരുന്നത് കൊണ്ടല്ലെന്ന് അധികൃതർ പറയുന്നു. അതിക്രമങ്ങൾ വ്യാപകമായിരുന്നെങ്കിലും മിക്കവയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. പൊലീസും വനിതാസംഘടനകളും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി നടത്തുന്ന ബോധവത്കരണത്തിെന്റ ഫലമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രവണത കൂടിയതാണ് ഇതുസംബന്ധിച്ച കണക്കുകൾ ഉയരാൻ കാരണമെന്ന് പൊലീസ് പറയുന്നു. ബോധവത്കരണ പ്രവർത്തനങ്ങൾക്കിടയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങളുമുണ്ട്.

'ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. സമൂഹത്തിന്റെ ജാഗ്രത കുറവാണ് ഇത്തരം അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം. "

- ജോസഫ് അഗസ്റ്റ്യൻ (ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ)​