തൊടുപുഴ: യു ഡി എഫിന്റെ സ്പീക്ക് അപ്പ് കേരള സമരപരിപാടിയുടെ അഞ്ചാംഘട്ടമായി ഇന്ന് എൽ. ഡി. എഫ് സർക്കാരിനെതിരെ ജില്ലയിലെ 861 വാർഡുകളിൽ ഇന്ന് സത്യാഗ്രഹം നടക്കും. രാവിലെ 11 ന് 10 പേർ വീതം സത്യാഗ്രഹം അനുഷ്ഠിച്ച് വഞ്ചനാദിനം ആചരിക്കും.
സത്യാഗ്രഹ സമരത്തിന്റെ ജില്ലാതല ഉത്ഘാടനം മൂന്നാർ പഞ്ചായത്തിലെ 19-ാം വാർഡിൽ (ടൗൺ വാർഡ്) ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിക്കും.
യു ഡി എഫ് പഞ്ചായത്തു മെമ്പർമാരും മുനിസിപ്പൽ കൗൺസിലർമാരും അതാത് വാർഡുകളിൽ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും. യു ഡി എഫ് മെമ്പർമാരും കൗൺസിലർമാരും ഇല്ലാത്ത വാർഡുകളിൽ അതാതു വാർഡിലെ മുതിർന്ന യു ഡി എഫ് നേതാക്കൾ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് പൊതു സ്ഥലങ്ങളിൽ വെച്ചായിരിക്കും സത്യാഗ്രഹം നടത്തുക.
സത്യാഗ്രഹ സമരം വിജയിപ്പിക്കാൻ ഏവരും സഹകരിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അഭ്യർത്ഥിച്ചു.