 
ഇടുക്കി: കൊവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാവിധ ചട്ടവട്ടങ്ങൾക്കും വിധേയമായി സഞ്ചാരികൾ ഇടുക്കിയിലെത്തണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആദിവാസി ഗോത്രത്തലവൻ ചെമ്പൻ കൊലുമ്പന്റെ നവീകരിച്ച സമാധി സ്മാരകം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ 52 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ടൂറിസം മേഖലയിലൂടെയാണ്. കോവിഡ് മഹാമാരി മൂലം തകർന്ന ടൂറിസം മേഖലയിൽ 455 കോടി രൂപയുടെ സഹായ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി എംഎം മണി അധ്യക്ഷത വഹിച്ചു. ദീർഘനാളായുള്ള ഒരു ജനതയുടെ ആവശ്യത്തിന് പരിഹാരമായെന്നും കൊലുമ്പന്റെ പിന്മുറക്കാർ താമസിക്കുന്ന കൊലുമ്പൻ കോളനിയിൽ കഴിഞ്ഞ ഓണത്തിന് പട്ടയം നൽകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിലിം ഡയറക്ടർ മണി വട്ടപ്പാറ നിർമിക്കാൻ പോകുന്ന കൊലുമ്പൻ എന്ന സിനിമയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും ജില്ലാ കളക്ടർ എച്ച് ദിനേശൻ ആമുഖ പ്രസംഗവും നടത്തി. ടൂറിസം ഡയറക്ടർ പി ബാലകിരൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ വിഎം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിന്റു സുഭാഷ്, ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിവി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം ജലാലുദ്ദീൻ, പഞ്ചായത്തംഗം പ്രഭാ തങ്കച്ചൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, ഡിറ്റിപിസി സെക്രട്ടറി ഇൻ ചാർജ് ഗിരീഷ് പിഎസ്, കൊലുമ്പൻ കോളനി ഊര് മൂപ്പൻ ടിവി രാജപ്പൻ, കാണി തേനൻ ഭാസ്‌കരൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു .