mani

ഇടുക്കി: പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായുള്ള റീബിൽഡ് കേരളയുടെ ഭാഗമായി കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന മണ്ണുജല സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിർവ്വഹിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതിൽ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം മുഖ്യപ്രഭാഷണം നടത്തി.
പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ യോഗത്തിൽ ആശംസ അർപ്പിച്ചു. പദ്ധതി നടത്തിപ്പിനായുള്ള ഗുണഭോക്തൃ സമിതിയും തെരഞ്ഞെടുത്തു.

ജലസംഭരണവും ലക്ഷ്യം

കരുണാപുരം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി ചേർന്ന 2700 ഹെക്ടർ വരുന്ന വിസ്തൃതമായ പ്രദേശങ്ങളിലാണ് മൂന്ന് കോടി രൂപ ചിലവഴിച്ച് മണ്ണുജല സംരക്ഷണ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കരുണാപുരം പഞ്ചായത്ത് പ്രദേശം പൊതുവെ മഴ കുറച്ച് മാത്രംലഭിക്കുന്ന മേഖലയാണ്. കനത്തമഴ ലഭിക്കുന്ന സമയങ്ങളിൽ മണ്ണ് ഒലിച്ച് പ്രദേശത്തെ നീർച്ചാലുകൾക്ക് ഉൾപ്പെടെ നാശനഷ്ടങ്ങൾ സംഭവിക്കുക പതിവാണ്. തുടർന്നുള്ള സമയങ്ങളിൽ കടുത്ത വരൾച്ചയും ജല ദൗർലഭ്യതയും അനുഭവപ്പെടുന്ന പ്രദേശമാണിവിവിടം. ഉപരിതല ജലസ്രോതസ്സുകൾ കുറവായ ഇവിടെ കുഴൽകിണറുകളെയാണ് കൂടുതലായും കർഷകർ ആശ്രയിക്കുന്നത്. ഇതേ തുടർന്ന് മണ്ണൊലിപ്പ് തടയുക, പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയോടൊപ്പം തന്നെ ഭൂഗർഭജല വിതാനം ഉയർത്തുക, മഴക്കാലത്ത് ലഭിക്കുന്ന ജലം സംഭരിച്ചു സൂക്ഷിക്കുക എന്നീ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കർഷകർക്കായി

പദ്ധതികൾ

കല്ല് കയ്യാല നിർമാണം, മണ്ണ് കയ്യാല, വലിയ നീർകുഴികൾ , പുല്ലുവച്ചു പിടിപ്പിക്കൽ , അഗ്രോ ഫോറസ്ട്രി , ഫലവൃക്ഷത്തൈ നടീൽ, കിണർ റീ ചാർജിംഗ്, മഴക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ചു വെയ്ക്കുന്നതിനായി കാർഷിക ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ കുളങ്ങളുടെ നിർമാണം എന്നിങ്ങനെ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ കർഷകർ വഴിയും ഗുണഭോക്തൃ സമിതി മഖേനയുമാണ് നടപ്പിലാക്കുന്ന്. പ്രളയക്കാലത്ത് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായിട്ടുള്ള പാർശ്വഭിത്തി നിർമാണം , പൊതു കുളങ്ങൾ, ചോറ്റുപാറ ഗവൺമെന്റ് സ്‌കൂളിൽ നിർമ്മിക്കുന്ന മഴവെള്ള സംഭരണി തുടങ്ങിയ പൊതു പ്രവർത്തനങ്ങൾ ടെണ്ടർ മുഖേനയാണ് നടപ്പിലാക്കുകയെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അരുൺ രാജ് പറഞ്ഞു.