മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അനുവദിച്ച ഭൂമിയുടെ പട്ടയവിതരണവും വീടുകളുടെ തറക്കല്ലിടീലും ഇന്ന് മന്ത്രി എം എം മണി നിർവ്വഹിക്കും. എസ് രാജേന്ദ്രൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിൽ അവശേഷിക്കുന്നവർക്ക് 5 സെന്റ് വീതം ഭൂമിയാണ് കുറ്റിയാർവാലിയിൽ വിതരണം ചെയ്യുക. എട്ട് കുടുംബങ്ങൾക്കാണ് ഇവിടെ വീടൊരുങ്ങുക. ലഭിക്കുന്ന ഭൂമിയിൽ പുനരധിവാസ പാക്കേജിന്റെ ഭാഗമായി കെഡിഎച്ച്പി കമ്പനിയാണ് വീടുകൾ നിർമ്മിച്ചു നൽകുക.പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മരണപ്പെട്ടവരുടെ അവകാശികൾക്ക് നഷ്ട പരിഹാരവും തുടർ ജീവിതത്തിനുള്ള സഹായവും ഭൂമിയും വീടുമടക്കം സമഗ്രമായ പുനരദ്ധിവാസ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ചടങ്ങിൽ ഡീൻകുര്യാക്കോസ് എം.പി, ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജന പ്രതിനിധികൾ, കമ്പിനി പ്രതിനിധികൾ, വിവിധ രാഷ്ട്രിയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.