suruma


അടിമാലി: അയൽവാസികളെ ഓൺലൈൻ ബിസിനസിന്റെ പേരിൽ കബളിപ്പിച്ച യുവതി അറസ്റ്റിൽ .കോതമംഗലം ചൈങ്ങോട്ടൂർ കേട്ടക്കുടി ഷമീറീന്റെ ഭാര്യ സുറുമ (33)യെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.അടിമാലി മാപ്പാനിക്കാട്ട് ഭാഗത്ത് ആറ് മാസം മുൻപ് കുട്ടികളുമായി എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു സുറുമ .അയൽ വാസികളെ ഓൺലൈൻ ബിസിനസ്സിൽ ചേർത്ത് ലാഭമുണ്ടാക്കി തരാം എന്ന് പറഞ്ഞ് പലരിൽ നിന്നുമായി 11.5 ലക്ഷം തട്ടിയെടുത്തു. കഴിഞ്ഞ 23 മുതൽ അടിമാലിയിലെ വാടക വീട് പൂട്ടി ഒളിവിൽ പോവുകയായിരുന്നു. സാമ്പത്തിക തട്ടിപ്പിന് ഇരയായ അയൽവാസി യുവതിയുടെ പരാതിയെ തുടർന്ന് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സുറുമയെ എറണാകുളം തൃക്കളത്തൂർ പള്ളി ചിറങ്ങര വാടക വീട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി സി.ഐ അനിൽ ജോർജ്ജ്, എസ്.ഐ ജോയി.കെ.വി, സീനിയർ സി.പി.ഒ നിഷമങ്ങാട്ട്, ആൻസി, സ്മിതാ ലാൽ, ജൂനിയർ എസ്.ഐ വിദ്യാ വി, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് പലയിടങ്ങളിൽ

മൂന്നു കുട്ടികളുമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് തട്ടിപ്പു നടത്തുകയാണ് ഇവരുടെ രീതി. പണം ഇരട്ടിപ്പിച്ച് നൽകാം എന്നു പറഞ്ഞാണ് മറ്റുള്ളവരിൽ നിന്നും ഇവർ പണം വാങ്ങിയിരുന്നത്.

ഇവരുടെ പേരിൽ കോട്ടയം, കാസർഗോഡ്, എറണാകുളം, ഇടുക്കി ജില്ലകളിൽ സമാനമായ തട്ടിപ്പ് കേസ് നിലവിലുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.