കാഞ്ഞങ്ങാട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച് ഉപേക്ഷിക്കാൻ പറ്റുന്ന പാത്രങ്ങൾ ഉപയോഗിക്കണമെന്ന ആവശ്യമുയരുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ മിക്ക ഹോട്ടലുകളിലും ഭക്ഷണ വിതരണം യാതൊരു ആരോഗ്യസുരക്ഷാ മുൻകരുതലും ഇല്ലാതെയാണെന്ന ആരോപണമുണ്ട്.
പാനീയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ജാഗ്രതക്കുറവ് ഇവർ ചൂണ്ടിക്കാട്ടുന്നു. ചായ വിതരണം നടക്കുന്നത് ചില്ലു ഗ്ലാസുകളിലാണ്. ശരിയായ വിധത്തിൽ അണുവിമുക്തമാക്കാതെ ഗ്ലാസുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് രോഗം പകരാനിടയാക്കും. നേരത്തെ സർക്കാർ ഇക്കാര്യം അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇക്കാര്യം ശ്രദ്ധിക്കുന്നുമില്ല. ഇതിന് പരിഹാരം ഡിസ്‌പോസിബിൾ പാത്രങ്ങളിൽ ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുക എന്നത് മാത്രമാണ്. ഹോട്ടലുകളിലെത്തുന്നവർക്ക് ഡിസ്‌പോസിബിൾ പാത്രങ്ങളിൽ ഭക്ഷണ വസ്തുക്കൾ വിളമ്പുന്നത് നഷ്ടമാണെന്നതിനാലാണ് ഹോട്ടലുടമകൾ പഴയ രീതിയിൽത്തന്നെ ഇപ്പോഴും ഭക്ഷണം വിളമ്പുന്നതെന്നാണ് പറയുന്നത്.