ശ്രീകണ്ഠപുരം:ആകാശവെള്ളരി എന്താണെന്ന് പലരും കേട്ടിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ കാഞ്ഞിലേരി ബാലങ്കരിയിലെ പ്രജിത ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പി. വി. രാമകൃഷ്ണന്റെ കൃഷിയിടത്തിൽ ആകാശവെള്ളരി കായ്ചുനിന്നത് കാണാൻ അറിഞ്ഞവരെല്ലാം ഓടിയെത്തുകയായിരുന്നു. 200 വർഷം ആയുസ്സുള്ള ഈ അപൂർവ്വ വെള്ളരിക്ക് മുന്നിൽ കൃഷി വിദഗ്ധരും അത്ഭുതം കൂറുകയായിരുന്നു. അഞ്ച് കായകളാണ് ഇവർക്ക് ലഭിച്ചത്.
വെള്ളരിയെന്നാണ് വിളിക്കുന്നതെങ്കിലും പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിലാണ് ഇവ. സാധാരണ വെള്ളരിപോലെ നിലത്തുവളരില്ല. വള്ളി പടർന്ന് കായ്ക്കുമ്പോൾ മേലാപ്പിലോ മരങ്ങളിലോ പന്തൽ കെട്ടി വളർത്തിയാലേ പടരുകയുള്ളൂ. ആഞ്ഞിലി, വീട്ടി, ഇരൂൾ, തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങളിൽ മാത്രമേ ഇവ പടരൂ. രാമകൃഷ്ണൻ റബറിൽ പടർത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
രണ്ടുവർഷം മുമ്പ് സ്വകാര്യ നേഴ്സറിയിൽനിന്ന് വാങ്ങിയ തൈയാണ് രാമകൃഷ്ണൻ നട്ടത്. ഔഷധ ഗുണങ്ങളേറെയുള്ള ആകാശവെള്ളരിയുടെ കൃഷി വിപുലപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് ഇവർ. മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ നിന്നാണ് രാമകൃഷ്ണന് ആകാശ വെള്ളരിയെ കുറിച്ച് പ്രാഥമിക വിവരം കിട്ടിയത്.
ആകാശ വെള്ളരി ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിക്കാം. തലമുറകളോളം വിളവ് തരുന്നൊരു അപൂർവ്വ സസ്യവുമാണിത്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഇത് അനായാസം വീടുകളിൽ വളർത്തിയെടുക്കാം.പണ്ടുകാലം മുതൽ കേരളത്തിലെ വൈദ്യ കുടുംബങ്ങളിൽ ആഞ്ഞിലി മരങ്ങളിൽ ഈ ഔഷധസസ്യം പടർത്തി വളർത്താറുണ്ടായിരുന്നു.
പറഞ്ഞാൽ തീരില്ല ഗുണങ്ങൾ
പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നീ പോഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്ക് ഉത്തമ ഔഷധമാണ്. രണ്ടു കിലോഗ്രാം വരെ തൂക്കം വരും. കായ്കൾ ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും മൂന്നു മാസമെടുത്ത് മൂക്കുമ്പോൾ പഴമായും ഉപയോഗിക്കാം. പഴുക്കുമ്പോൾ പച്ചപ്പ് പോയി മഞ്ഞ നിറമാവും. പഴുത്താൽ പപ്പായയിലേതുപോലെ കനത്തിൽ മാംസളമായ കാമ്പും അകത്ത് പാഷൻ ഫ്രൂട്ടിലേതുപോലെ വിത്തുകളുമുണ്ടാകും. പൾപ്പിന് നല്ല മധുരമാണ്. പഴുത്താൽ കൂടുതലും ജ്യൂസായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ജെല്ലി, ജാം, ഫ്രൂട്ട് സലാഡ്, ഐസ്ക്രീം എന്നിവയുണ്ടാക്കാനും നല്ലതാണ് ഈ പഴങ്ങൾ. ആകാശ വെള്ളരിയുടെ ഇലകൾ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കും. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകൾ ഒരു ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ചാണ് ചായ ഉണ്ടാക്കുന്നത്.