temple

തലശ്ശേരി: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശ്ശേരി ശ്രീജഗന്നാഥ ക്ഷേത്ര സന്നിധിയിൽ പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മ്യൂസിയവും ഉദ്യാനവും ഉൾപ്പെടെ സമഗ്ര പദ്ധതികൾ വരുന്നു. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ടൂറിസം വകുപ്പാണ് മ്യൂസിയം നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ 30 സെന്റ് സ്ഥലത്ത് 14 കോടി രൂപയുടെ പദ്ധതിയാണ് വിഭാവന ചെയ്തിട്ടുള്ളത്. വിവിധ സർവകലാശാലകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നവോത്ഥാന ഗവേഷണകേന്ദ്രം കൂടിയാവും ഇത്.

ഗുരുദേവൻ അനന്തരഗാമിയായി അഭിഷേകം ചെയ്ത തൃശൂർ സ്വദേശി ബോധാനന്ദ സ്വാമിയെ കണ്ടുമുട്ടിയത് ഇവിടെ വച്ചായിരുന്നു. ശിലാപ്രതിഷ്ഠകളെ പരസ്യമായി എതിർക്കാനെത്തിയ ബോധാനന്ദ സ്വാമി, ഗുരുവിനെ കണ്ടമാത്രയിൽ ആ യോഗ നയനങ്ങൾക്കുമുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി ശിഷ്യത്വം സ്വീകരിച്ചു. ഗുരു ജീവിച്ചിരിക്കെ, ഗുരുവിന്റെ പൂർണകായ പഞ്ചലോഹ പ്രതിമ ഇവിടെ സ്ഥാപിച്ചു.

ദളിതരുടെ ക്ഷേത്ര പ്രവേശനത്തിൽ, തീയ്യ സമുദായത്തിലെ യാഥാസ്ഥിതികരായ പ്രമാണിമാർ പ്രകടിപ്പിച്ച എതിർപ്പിനെ തന്റെ സിദ്ധികൊണ്ട് ഗുരു മറികടന്നു. പ്രവേശനം സാധിതമായതോടെ, ദളിതർ കൂട്ടത്തോടെയെത്തി പഴവും കൽക്കണ്ടവുമൊക്കെ കാൽക്കൽ കാണിക്ക വച്ചപ്പോൾ ഗുരു ആനന്ദാശ്രുക്കൾ പൊഴിച്ചതും ചരിത്രം. പട്ടിണിക്കാരായ പിന്നാക്കക്കാർ ക്ഷേത്ര നിർമ്മിതിക്കുള്ള ധനസമ്പാദനത്തിന് പകച്ചുനിന്നപ്പോൾ, ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉണ്ടാക്കിക്കൊള്ളുമെന്ന് ഗുരു ആശ്വസിപ്പിച്ചു. അതും വൈകാതെ യാഥാർത്ഥ്യമായി.

ഗുരുവിന്റെ അഭിലാഷം പോലെ, മനുഷ്യരെയെല്ലാം ഒന്നായിക്കാണുന്ന വിശ്വ മാനവികതയുടെ പ്രഭവകേന്ദ്രമായ മണ്ണിലാണ്, കേരള നവോത്ഥാനത്തിന്റെ നാൾവഴികളും ഏഷ്യയിലെ നവോത്ഥാന നായകരുടെ ജീവിത രേഖകളും അമൂല്യ ചരിത്ര ശേഷിപ്പുകളുമുൾക്കൊള്ളുന്ന മ്യൂസിയം സ്ഥാപിതമാകുന്നത്. എം.സി. രമേഷിന്റെ രൂപകല്പനയിൽ, 'സിൽക്കാ'ണ് നിർമ്മാണം നടത്തുന്നത്.

പദ്ധതി ഇങ്ങനെ
റോഡിൽ നിന്ന് ഗുരുമണ്ഡപം വരെ പുതിയ റോഡ്. വിശാലമായ ക്ഷേത്ര ചിറ നവീകരിക്കും. ചിറയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി മ്യൂസിയം. ഇരുനൂറ് പേർക്കിരിക്കാനാവുന്ന എയർ കണ്ടീഷൻ ഹാൾ. ഗവേഷണ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം. എക്സിബിഷൻ ഹാളിനു ചുറ്റും മനോഹരമായ ഉദ്യാനം. എട്ട് കോടിയാണ് ആദ്യഘട്ടത്തിൽ വിനിയോഗിക്കുക. അടുത്ത ഉത്സവത്തിനുമുമ്പ് പണി പൂർത്തിയാക്കാനാണ് ശ്രമം.
രണ്ടാം ഘട്ടത്തിൽ ആറ് കോടി ചെലവിൽ അമ്പതു പേർക്ക് താമസിക്കാനാവുന്ന അതിഥി മന്ദിരവും ചുറ്റുമതിലും മൂന്ന് നില ഇൻഫർമേഷൻ സെന്ററും.

കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ജാലകവാതിൽ ഇവിടെ തുറക്കുകയാണ്

-അഡ്വ.കെ.സത്യൻ,

ജ്ഞാനോദയ യോഗം പ്രസിഡന്റ്