ചെറുവത്തൂർ: ബി.ജെ.പി പ്രവർത്തകൻ തൃക്കരിപ്പൂർ ഒളവറയിലെ ടി.വി ഷിബിനെ ബൈക്കിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ രണ്ടു പേരെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. പിലിക്കോട് സ്വദേശി വിനോദ്, കയ്യൂർ സ്വദേശി അജിൻ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. ഇരുവരും സി.പി.എം അനുഭാവികളാണ്. ഷിബിന് നേരെ അക്രമമൊന്നും ഉണ്ടാകാത്തതിനാൽ നിസാരവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ചക്രപാണി അമ്പലം റോഡിൽ വെച്ചാണ് രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ഷിബിന്റെ ബൈക്കിന് പിന്നാലെ മറ്റൊരു ബൈക്കിൽ ഇരുവരും പിന്തുടർന്നത്. ഇടറോഡിലേക്ക് വെട്ടിച്ചാണ് രക്ഷപ്പെട്ടത്. പയ്യന്നൂരിൽ നിന്ന് മദ്യപിച്ചാണ് വന്നതെന്നും ഇൻഡിക്കേറ്റർ ഇടാത്തതിനാൽ അന്വേഷിച്ചതാണെന്നും ആളെ ഞങ്ങൾക്ക് അറിയില്ലെന്നുമാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്.