പാനൂർ: പത്തായക്കുന്ന് സൗത്ത് പാട്യം യു.പി സ്‌കൂൾ അദ്ധ്യാപകൻ സജീവൻ കൃഷി ചെയ്യാൻ സ്ഥലമന്വേഷിച്ച് നടക്കുന്നവർക്ക് ഒരുപാഠമാണ്. കൊവിഡ് കാലത്ത് കിട്ടിയ സമയം കൊണ്ട് തന്റെ സ്ഥലത്തോട് ചേർന്ന് ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന മുപ്പത് സെന്റിൽ നിന്ന് ആറു ചാക്ക് നെല്ലാണ് ഇദ്ദേഹം ഉത്പാദിപ്പിച്ചത്.
'സുഭിക്ഷ കേരളം" വഴി തരിശുനിലങ്ങളെല്ലാം പ്രദേശത്തെ കൂട്ടായ്മകൾ രൂപീകരിച്ച് കൃഷിയോഗ്യമാക്കി തുടങ്ങിയപ്പോഴാണ് വെള്ളക്കെട്ട്നിറഞ്ഞ് തരിശായി കളകൾ നിറഞ്ഞു നില്ക്കുന്ന ഈ സ്ഥലം മാഷിന്റെ ശ്രദ്ധയിൽപെട്ടത്. ഭാര്യ രമണിയെയും വിദ്യാർത്ഥികളായ മക്കളെയും ഒപ്പം കൂട്ടിയാണ് ഭൂമി ഒരുക്കിയത്. വാർഡ് മെമ്പറിൽ നിന്നും നെൽ വിത്തും ലഭിച്ചു. മേയിൽ പാകമാക്കിയ നിലത്ത് പരമ്പരാഗതമായ രീതിയിൽ വിത്തിട്ടു. കളപറിച്ചതും വളമിട്ടതുമെല്ലാം ഇവർ തന്നെ. സാമ്പ്രദായികമായ കൃഷിരീതി മക്കളെ പഠിപ്പിക്കുകയെന്നതും ലക്ഷ്യമായിരുന്നുവെന്ന് സജീവൻ മാഷ് പറയുന്നു.
വിളഞ്ഞു പാകമായപ്പോൾ കൊയ്യാൻ മാത്രമാണ് ഭാര്യയുടെ അമ്മയെ വിളിച്ചത്.നൂറുമേനി നെല്ല് വിളഞ്ഞ സന്തോഷത്തിലാണ് ഈ കുടുംബം ഇപ്പോൾ.താല്പര്യത്തോടെ കൃഷി ചെയ്താൽ കൃഷി ലാഭകരം തന്നെയാണ് ഇദ്ദേഹം പറയുന്നത്. പുല്ലിനും നല്ല വിലയുണ്ട്. കൂലി കൊടുത്ത് കൃഷി ചെയ്താൽ എക്കാലത്തും ഏതു കൃഷിക്കും നഷ്ടത്തിന്റെ കണക്കേ പറയാനുണ്ടാവുവെന്നാണ് അനുഭവം തെളിയിച്ചതെന്നും സജീവൻ പറയുന്നു.