
പഴയങ്ങാടി: മാടായി പഞ്ചായത്തിൽ വാർഡുകളിലെ സംവരണം പ്രഖ്യാപിച്ചതോടെ ജനറൽ സീറ്റുകളിൽ സ്ഥാനം ഉറപ്പിക്കാനായി നെട്ടോട്ടം തുടങ്ങി. സി.പി.എം, കോൺഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളുടെ സീറ്റ് ഉറപ്പിക്കാനാണ് മത്സരം. 50 വർഷമായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിലാണ് സീറ്റു മോഹികൾ സകല അടവും പയറ്റുന്നത്. കോൺഗ്രസിന് വെങ്ങരയിൽ രണ്ടും പുതിയങ്ങാടിയിൽ ഒന്നും ജനറൽ സീറ്റുകളാണ് ഉള്ളത്. ഓരോ വാർഡിലും രണ്ടിലേറെ ആളുകൾ കുപ്പായം തയ്പ്പിച്ച് ഇറങ്ങി. ഗ്രൂപ്പ് സമവാക്യത്തിൽ എങ്ങനെ വീതം വെച്ച് നൽകുമെന്ന ആലോചനയിലാണ് കോൺഗ്രസ്.
ലീഗ് മത്സരിക്കുന്ന 13 സീറ്റുകളിൽ 8 എണ്ണവും സ്ത്രീ സംവരണമായത് ലീഗിനെയും കഷ്ടത്തിലാക്കി. കാര്യമായ കഴിവില്ലെങ്കിലും പ്രാദേശിക നേതാക്കളുടെ ഭാര്യമാരാകും ഇവിടങ്ങളിൽ മത്സരിക്കുക. 2 ജനറൽ സീറ്റ് പഴയങ്ങാടി മേഖലയിലും 3 സീറ്റ് പുതിയങ്ങാടി മേഖലയിലുമാണ്. ഇതിൽ പഴയങ്ങാടിയിലെ ഒമ്പതാം വാർഡ് കഴിഞ്ഞ പ്രാവശ്യം സി.പി.എം പിടിച്ചെടുത്തിരുന്നു. ഈ സീറ്റാനായി സി.പി.എമ്മിലും വടംവലിയുണ്ട്.
പുതിയങ്ങാടിയിലെ മൂന്ന് ജനറൽ സീറ്റുകളിലേക്ക് മത്സരിക്കാൻ ലീഗിലെ പലരും ഇപ്പോഴേ ശ്രമം തുടങ്ങി എന്നാൽ വിഭാഗീയതയുടെ പേരിൽ മാറ്റി നിറുത്തപ്പെട്ട ഒരു വിഭാഗം സ്ത്രീ വാർഡുകളിൽ അടക്കം സ്ഥാനാർത്ഥികളെ നിർത്താനുള്ള ഒരുക്കത്തിലാണ്. 2015 ൽ പതിനാലാം വാർഡിൽ ഇവർ സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിച്ചിരുന്നു. വിഭാഗീയതയുടെ പേരിൽ മാറി നിൽക്കുന്നവരുടെ കൂട്ടായ്മ പുതിയങ്ങാടി മേഖലയിൽ ലീഗിന് ഭീഷണിയാണ്. പഞ്ചായത്ത് ഭരണം പോലും കൈവിട്ട് പോകുമോ എന്ന ആശങ്കയും യു.ഡി.എഫിനുണ്ട്.