
കണ്ണൂർ: നയതന്ത്ര സ്വർണകടത്തുമായി ബന്ധപ്പെട്ട് സി.പി.എം സഹയാത്രികൻ കാരാട്ട് ഫൈസൽ കസ്റ്റഡിയിലായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്ര വീണ്ടും ചർച്ചയാകുന്നു. ഇപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള കാരാട്ട് ഫൈസലിന്റെ മിനി കൂപ്പർ കോടിയേരി നയിച്ച ജാഥയ്ക്കിടെ ഉപയോഗിച്ചിരുന്നു.
വിവാദ നായകനായ ഫൈസൽ ആദ്യം മുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു. നേരത്തെയും സ്വർണകടത്ത് കേസിൽ പ്രതി ആയിട്ടുണ്ട്. ഇപ്പോൾ കൊണ്ടോട്ടി നഗരസഭ കൗൺസിലറാണ്. സി.പി.എമ്മിന്റെ പിന്തുണയിലാണ് ഫൈസൽ ജയിച്ച് കയറിയത്. ഇയാൾ നികുതി വെട്ടിച്ച മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതി നിലവിലിരിക്കെയാണ് കോടിയേരി ഈ കാറിന് മുകളിൽ കയറിനിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സഞ്ചരിച്ചിരുന്നത്.
കോടിയേരി ബാലകൃഷ്ണൻ ജാഥയിൽ ഈ കാർ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. കാർ ആരുടേതാണെന്ന് അറിയുമായിരുന്നില്ല എന്നും പ്രവർത്തകർ സംഘടിപ്പിച്ച കാറിൽ യാത്ര ചെയ്തു എന്നേ ഉള്ളു എന്നുമായിരുന്നു കോടിയേരി അന്ന് ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിരുന്നത്. ഫൈസൽ കസ്റ്റഡിയിലായതോടെയാണ് ജനജാഗ്രത ജാഥയും കൂപ്പറും വീണ്ടും ചർച്ചയായത്.
മിനി കൂപ്പർ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്തത് വഴി കാരാട്ട് ഫൈസൽ പത്ത് ലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തിയിരുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള വാഹനം ഇവിടെ ഓടിക്കണമെങ്കിൽ ഒരുവർഷത്തിനുള്ളിൽ രജിസ്‌ട്രേഷൻ മാറ്റണമെന്നും നികുതി അടയ്ക്കണമന്നും നിയമുണ്ടായിരിക്കെ കാരാട്ട് ഫൈസലിന്റെ മിനികൂപ്പർ ഇത് പാലിച്ചിരുന്നില്ല.
പിഴ അടയ്ക്കാൻ ഫൈസൽ തയ്യാറാവാത്തതിനാൽ മോട്ടോർവാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാല സ്വർണ്ണക്കടത്ത് ഇടപാടുകാരുമായി ഫൈസലിന്റെ ബന്ധവും വിവാദമായിരുന്നു. നയതന്ത്ര സ്വർണക്കടത്തിൽ കാരാട്ട് ഫൈസലിന് വലിയ പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. 2013 നവംബർ എട്ടിന് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ആറുകിലോ സ്വർണം ഡി.ആർ.എ പിടികൂടിയിരുന്നു. ഈ കേസിൽ ഡി.ആർ.എ ഫൈസലിനെ പ്രതി ചേർത്തിരുന്നു. ഈ കേസിലെ പ്രതികളുമായി ഫൈസലിന് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു നടപടി. ഈ കേസിലെ മുഖ്യപ്രതിയായ ഷഹബാസിൻറെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവൻ കാർ കാരാട്ട് ഫൈസലിൻറെ വീട്ടിൽ നിന്ന് ഡി.ആർഐ കണ്ടെത്തിയിരുന്നു. സി.പി.എം ബന്ധത്തോടെ ഫൈസൽ സുരക്ഷിതനായതിന് പിന്നാലെയാണ് ഇപ്പോൾ സ്വർണകടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റഡിയിലായത്.