cat-1

കണ്ണൂർ:വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിലയേറിയ ഓമനത്തം തുളുമ്പുന്ന പൂച്ചകളെ ആവശ്യക്കാർക്ക് ശേഖരിച്ച് നൽകുന്നയാളാണ് തളാപ്പ് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് നഷ്‌വിത്ത്. ഇന്നലെ കട തുറന്നപ്പോൾ അവയുടെ കൂട് ഒഴിഞ്ഞ നിലയിലാണ് കണ്ടത്. രണ്ട് ഓമനപൂച്ചക്കുഞ്ഞുങ്ങളെ ചത്ത നിലയിലും.

ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് നാലുപൂച്ചകളെ മോഷ്ടിച്ചതായി കണ്ടെത്തിയത്. മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ഷോപ്പിൽ കയറിയായിരുന്നു മോഷണം. മോഷ്ടിക്കുന്ന വെപ്രാളത്തിനിടെയുള്ള പിടിത്തത്തിലാകാം രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ ചത്തതെന്ന് നഷ്‌വിത്ത് പറയുന്നു.

പേർഷ്യൻ ബഞ്ച് ഫെയിസ് എന്നയിനം പൂച്ചകളാണ് മോഷണം പോയത്. ഒന്നിന് 30,000 രൂപയും ബാക്കി മൂന്ന് പൂച്ചകൾക്ക് ഒരോന്നിനും 16,000 രൂപയും വില വരും. ഇതിനു പുറമെ അവയുടെ ഭക്ഷണത്തിനും പരിപാലനത്തിനും മറ്റുമായ വലിയ തുക തന്നെ നഷ്‌വിത്തിന് ചിലവായിട്ടുണ്ട്.

നാല് വർഷത്തിൽ കൂടുതലായി നഷ്‌വിത്ത് അലങ്കാര പൂച്ചകളുടെ വിൽപ്പന നടത്തുന്നുണ്ട്. 20 പൂച്ചകളെയാണ് ഇപ്പോൾ വളർത്തുന്നത്. അലങ്കാര പൂച്ചകൾക്ക് ആളുകൾ നിരവധി എത്തുന്നതിനാൽ കച്ചവടം നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് മോഷണം നടന്നത്.

പേർഷ്യൻ ബഞ്ച് ഫെയിസ്

സാധാരണ പൂച്ചകളെക്കാൾ ദേഹം മുഴുവൻ രോമങ്ങൾ ഉള്ളവയാണ് പേർഷ്യൻ കാറ്റ്. ഇവ പൊതുവെ അക്രമകാരികളല്ല. വീടിനുള്ളിൽ അടങ്ങിഒതുങ്ങി നിൽക്കുന്ന പ്രകൃതമായതിനാൽ പേർഷ്യൻ കാറ്റിന് ആവശ്യക്കാർ ഏറെയാണ്. ഇവയിൽ എക്സ്ട്രീം ബഞ്ചിനാണ് ആവശ്യക്കാ‌ർ ഏറെയും. 30,000 മുതൽ 45,000 രൂപ വരെയാണ് വില.

കച്ചവടത്തിനിടയിൽ ഇത്തരമൊരു അനുഭാവം ആദ്യമായാണ്. പരിസരത്തെ കുറിച്ച് കൃത്യമായി അറുവുള്ളവർ തന്നെയാകാം മോഷണത്തിന് പിന്നിൽ. സംഭവം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മുഹമ്മദ് നഷ്‌വിത്ത്.