കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായതോടെ ഇവിടെ പ്രവേശിപ്പിക്കപ്പെട്ട കാൻസർ രോഗികൾ എങ്ങോട്ടു പോകുമെന്നത് ചോദ്യചിഹ്നമായി. ആശുപത്രിയിലെ പാലിയേറ്റീവ് വാർഡിൽ ചികിത്സയിലുള്ള കാൻസർ രോഗികളുടെ ചികിത്സയും എവിടെ എന്ന് നിശ്ചയിച്ചിട്ടില്ല. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ കീമോ ഉൾപ്പെടെ നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും കിടപ്പുരോഗികൾക്ക് അവിടെ എത്തുക ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്.
പലർക്കും ഒരു മാസത്തേക്ക് 7500 രൂപയുടെ മരുന്ന് ആവശ്യമുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന മരുന്ന് ഇനി എവിടെ നിന്ന് എന്നതും രോഗികളെ അലട്ടുന്നു. തലശ്ശേരിയിലോ മംഗലാപുരത്തോ പോയി വേണം മരുന്നു വാങ്ങാനെന്നാണ് പറയുന്നത്. പലരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ളവരാണ്.
ജില്ലാ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഗർഭിണികൾക്ക് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ സർക്കാർ ചെലവിൽ ചികിത്സ ലഭ്യമാക്കും. അതേ സമയം വൃക്ക രോഗികൾക്ക് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. എൻഡോസൾഫാൻ രോഗികൾ ഉൾപ്പെടെ ഫിസിയോതെറാപ്പി ആവശ്യമുള്ളവർക്ക് ഇനി മംഗലാപുരത്ത് തന്നെ പോകേണ്ട സ്ഥിതിയുമുണ്ട്.
മാസം വേണ്ടത്
7500
രൂപയുടെ മരുന്ന്
സ്രവ പരിശോധനയ്ക്കെത്തിയത് 60 പേർ
കൊവിഡ് ആശുപത്രിയായി മാറിയ ജില്ലാ ആശുപത്രിയിൽ ആദ്യ ദിവസമായ ഇന്നലെ പുതിയ കൊവിഡ് രോഗികൾ എത്തിയില്ല. അതേ സമയം പതിവ് സ്രവ പരിശോധനയ്ക്കെത്തിയത് 60 പേർ. സാധാരണ ഉണ്ടാകാറുള്ള ഒ.പി യിൽ ഇന്നലെ ആരും എത്തിയില്ല. ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റിയെങ്കിലും നിലവിൽ ഇവിടെ ചികിത്സിക്കുന്ന മുഴുവൻ രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടില്ല. ഗർഭിണികൾ ഉൾപ്പെടെ ജില്ലാ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഗർഭിണികൾക്ക് കോട്ടച്ചേരി ലക്ഷ്മി മേഘൻ ആശുപത്രിയാണ് നിർദ്ദേശിച്ചിട്ടുള്ളത്.