madikkai-
മടിക്കൈ സഹകരണ ബാങ്ക് മിനി കോൺഫറൻസ് ഹാൾ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

ബങ്കളം: മടിക്കൈ സഹകരണ ബാങ്ക് മിനി കോൺഫറൻസ് ഹാൾ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഹെഡ് ഓഫീസിൽ മുൻ പ്രസിഡന്റുമാരായ കെ.എം. കുഞ്ഞിക്കണ്ണൻ, മടിക്കൈ കുഞ്ഞിക്കണ്ണൻ എന്നിവരുടെ ഫോട്ടോയും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് പരേതനായ എൻ. കൃഷ്ണൻ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കൊല ചെയ്യപ്പെട്ട ബാങ്ക് വാച്ച് മാൻ നാരായണൻ നായർ എന്നിവരുടെ ഫോട്ടോ അദ്ധ്യക്ഷത വഹിച്ച ബാങ്ക് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അനാച്ഛാദനം ചെയ്തു.

ഫോക് ലോർ അവാർഡ് ജേതാവ് ഗോപാലകൃഷ്ണ പണിക്കർ , സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ബാങ്ക് ജീവനക്കാരനുമായ മടിക്കൈ ഉണ്ണികൃഷ്ണൻ, ഗുരുപൂജ അവാർഡ് വാങ്ങിയ വേണു പണിക്കർ ,കൊവിഡ് ബോധവത്ക്കരണ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ദേവരാജ് (മൊട്ടൂസ് ), എന്നിവരെ ആദരിച്ചു. ഐ.എ.എസ് പരീക്ഷയിൽ 396 റാങ്ക് നേടിയ ബങ്കളത്തെ ഷഹീൻ, ബി.എസ്‌സി പ്ലാന്റ് സയൻസിൽ റാങ്ക് നേടിയ അഞ്ജന കൂലോംറോഡ്, പോളിമർ കെമിസ്ട്രിയിൽ നാലാംറാങ്ക് നേടിയ കെ.വി സയന എന്നിവരെ അഡീഷണൽ രജിസ്ട്രാർ മുരളീധരൻ അനുമോദിച്ചു.

ബാങ്ക് ആരംഭിച്ച നെൽകൃഷിയിൽ ഉത്പാദിപ്പിച്ച ഹരിതം ബ്രാൻഡ് അരി അസി. രജിസ്ട്രാർ വി. ചന്ദ്രൻ വിപണിയിലിറക്കി. പ്ലസ്ടു വിജയികളെ എ.ആർ ലസിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കുഞ്ഞമ്പു ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീള, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശിന്ദ്രൻ എന്നിവർ അനുമോദിച്ചു. എസ്.എസ്.എൽ.സി വിജയികളെ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര, അബ്ദുൾ റഹിമാൻ, ബാങ്ക് ഡയറക്ടർ എൻ. ബാലകഷ്ണൻ, എം. രാജൻ മടത്തിനാട്ട്, കെ. നാരായണൻ, വി. പ്രകാശൻ, വനിത ബാങ്ക് പ്രസിഡന്റ് കെ. സുജാത, സജിനി എന്നിവർ അനുമോദിച്ചു. മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്കുള്ള കമ്പ്യൂട്ടർ സി.പ്രഭാകരനും അമ്പലത്തകര വില്ലേജ് ഓഫീസിനുള്ള ഫോട്ടോ കോപ്പി മെഷീൻ ബങ്കളം കുഞ്ഞികൃഷ്ണനും വിതരണം ചെയ്തു. സെക്രട്ടറി പി.രമേശൻ റിപ്പോർട്ടവതരിപ്പിച്ചു. ബാങ്കിന്റെ വൈസ് പ്രസിഡന്റ് ഒ. കുഞ്ഞികൃഷ്ണൻ സ്വാഗതവും അസി.സെക്രട്ടറി എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.