bus

കാസർകോട്: തായന്നൂർ-കാലിച്ചാനടുക്കം പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവീസ് തുടങ്ങിയ കാലിച്ചാനടുക്കം ജനകീയ ബസിന്റെ യാത്ര പതിനെട്ടാം വർഷത്തിലേക്ക്. സമാനമായ സാഹചര്യങ്ങളിൽ തുടങ്ങിയ പല കൂട്ടായ്മകളും പാതിവഴിയിൽ യാത്ര നിറുത്തിയപ്പോഴും ഇവിടെ യാതൊരു ഉലച്ചിലുമുണ്ടായില്ല.

2003 ലെ ഗാന്ധിജയന്തി ദിനത്തിലാണ് ഫാ. തോമസ് കരിങ്ങാലിക്കാട്ടിൽ രക്ഷാധികാരിയായി കാലിച്ചാനടുക്കം ജനകീയ വികസന സമിതിക്ക് രൂപം നൽകിയത്. തുടക്കത്തിൽ 142 അംഗങ്ങളാണ് ഉണ്ടായിരുന്നത്. എ. മൂസാൻ ഹാജി (പ്രസിഡന്റ്), കെ. നാരായണൻ നായർ (വൈസ് പ്രസിഡന്റ്), ജോസ് തൂമ്പുങ്കൽ (സെക്രട്ടറി), കെ. ജയകുമാർ (ജോ. സെക്രട്ടറി), എം.വി. കുഞ്ഞമ്പു (ട്രഷറർ) എന്നിവരായിരുന്നു സമിതിയുടെ ആദ്യ ഭാരവാഹികൾ. അതേ മാസം 20 ന് താത്ക്കാലിക പെർമിറ്റോടെ തായന്നൂർ-കാലിച്ചാനടുക്കം-നീലേശ്വരം-കാഞ്ഞങ്ങാട് റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു. രണ്ടുവർഷത്തിനു ശേഷം ബസിന് സ്ഥിരം പെർമിറ്റ് ലഭിച്ചു. 2009 ൽ കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നും എല്ലാ ഓഹരി ഉടമകൾക്കും 20 ശതമാനം ഡിവിഡന്റ് നൽകാൻ കഴിഞ്ഞു.

ആദ്യം ഉണ്ടായിരുന്ന ടാറ്റയുടെ മിനി ബസ് ഒഴിവാക്കി 2011 മുതൽ അശോക് ലൈലാന്റിന്റെ 38 സീറ്റുള്ള വലിയ ബസാണ് സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ വിദ്യാർഥികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നതായി പരാതി ഉയർന്നപ്പോൾ ഒരു മാസം എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര അനുവദിച്ചിരുന്നു. സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രയും അനുവദിച്ചു. സമരങ്ങളും പണിമുടക്കുകളും മൂലം ഗതാഗതം സ്തംഭിച്ച ദിവസങ്ങളിൽ പോലും ജനകീയബസിന്റെ യാത്ര മുടങ്ങിയില്ല. ജീവനക്കാരുടെ സഹകരണത്തോടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ടോം വടക്കുംമൂല (പ്രസിഡന്റ്), കെ. കുഞ്ഞിക്കൊട്ടൻ (വൈസ് പ്രസിഡന്റ്), എ.എം. മാധവൻ (സെക്രട്ടറി), കെ. ജയകുമാർ (ജോ. സെക്രട്ടറി), കെ.കെ. അബൂബക്കർ (ട്രഷറർ), എം. അനീഷ് കുമാർ, ബേബി പുതുപ്പറമ്പിൽ, അഗസ്റ്റിൻ ഇഞ്ചനാനിയിൽ എന്നിവരടങ്ങിയ ഭരണസമിതിയാണ് ഇപ്പോൾ ജനകീയ വികസനസമിതിയെ നയിക്കുന്നത്.