പയ്യന്നൂർ: താലൂക്ക് രൂപീകൃതമായി രണ്ടര വർഷം കഴിഞ്ഞിട്ടും പയ്യന്നൂരിൽ താലൂക്ക് സപ്ലൈ ഓഫീസ് അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. റേഷൻ കാർഡ്, ഗ്യാസ് കണക്ഷൻ തുടങ്ങി ഭക്ഷ്യ- പൊതുവിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും പയ്യന്നൂരും ചുറ്റുവട്ടമുള്ള ഏതാനും വില്ലേജുകളിലെയും ജനങ്ങൾ ഇപ്പോൾ തളിപ്പറമ്പ്, കണ്ണൂർ സപ്ലൈ ഓഫീസുകളെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ജില്ലാ സപ്ലൈ ഓഫീസിൽ നിന്ന് നേരത്തെ തന്നെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നുവെങ്കിലും, അനുമതിക്കായി ധനവകുപ്പിലേക്ക് പോയ ഫയൽ സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ ചുകപ്പ് നടയിൽ കുരുങ്ങിക്കിടക്കുകയാണ്. ഓഫീസ് അനുവദിക്കുന്നതിനാവശ്യമായ സത്വര നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം സെക്രട്ടറി എം. രാമകൃഷ്ണൻ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.