തളിപ്പറമ്പ്: പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം. രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം. ധർമശാല ആന്തൂർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്വാതി പ്ലാസ്റ്റിക്ക് ആൻഡ് പാക്കറ്റ്സ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചക്കു ശേഷം തീപിടിച്ചത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും യന്ത്രസാമഗ്രികളും ഫാക്ടറി കെട്ടിടവും പൂർണമായി കത്തി നശിച്ചു.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും കണ്ണൂരിൽ നിന്ന് ജില്ലാ ഫയർ ഓഫീസർ രാമകുമാരന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റും സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും തീ പൂർണമായും പടർന്നുപിടിച്ചിരുന്നു. പ്ലാസ്റ്റിക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പെട്രോളിയം ഉത്പ്പന്നമായ ഈതേൽ അസറ്റേറ്റ് നിരവധി ബാരലുകളിലായി ഫാക്ടറിക്കകത്ത് സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ അഗ്നിശമനസേനക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. തീ പ്രദേശത്തെ മറ്റ് ഫാക്ടറികളിലേക്ക് പടരാതിരിക്കാൻ അഗ്നിശമനസേന ശ്രദ്ധിച്ചു. തമിഴ്നാട് സ്വദേശി സുന്ദരരാജന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ നിന്നും ഉത്തരേന്ത്യയിലെ നിരവധി ഭക്ഷ്യോത്പ്പന്ന ഫാക്ടറികളിലേക്ക് ഉൾപ്പെടെ പാക്കറ്റുകൾ കയറ്റിഅയക്കുന്നുണ്ട്. കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചുവരുന്ന ഫാക്ടറിയാണ് ഇത്. തീപിടുത്തത്തിൽ രണ്ട് കോടിരൂപയിലേറെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. തളിപ്പറമ്പ് പൊലീസ് അന്വേഷിക്കും.