തലശ്ശേരി: സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേരെ ബോംബേറ്. കൊളശ്ശേരി കളരിമുക്കിലെ ജനാർദ്ദനൻ സ്മാരക വായനശാലയ്ക്കു നേരെയാണ് ബുധനാഴ്ച രാത്രി 11.30 ഓടെ ബോംബേറുണ്ടായത്.

കെട്ടിടത്തിന്റെ ഷട്ടർ തകർന്നു. ഫർണിച്ചറുകൾക്കും ബൾബുകൾക്കും കേടുപാട് പറ്റി. കെട്ടിടത്തിന്റെ മുകൾ നിലയിൽ വനിതാ വായനശാലയും പ്രവർത്തിക്കുന്നുണ്ട്. വായനശാല സെക്രട്ടറി കെ. സുരേന്ദ്ര ബാബു തലശ്ശേരി പൊലീസിൽ പരാതി നൽകി. തലശ്ശേരി എസ്.ഐ ഇ. രാജേഷ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. പൊതുവേ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചു വിടാൻ ചിലർ ശ്രമിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.