aswasa

കണ്ണൂർ: കിടപ്പു രോഗികളെയും ഭിന്നശേഷിക്കാരെയും മറ്റു ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നതിനുള്ള ആശ്വാസ കിരണം പദ്ധതിയിൽ ധനസഹായ വിതരണം മുടങ്ങിയിട്ട് ഒന്നര വർഷം. ഓണത്തിന് മുമ്പ് കുടിശിക കൊടുത്തു തീർക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും ഫണ്ടില്ലാത്തതു കാരണം സാമൂഹിക സുരക്ഷാ മിഷൻ കൈമലർത്തി. 600 രൂപയാണ് പ്രതിമാസം നൽകുന്നത്. സർക്കാർ ഫണ്ടിനൊപ്പം, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും കൂടിയായാലേ മുഴുവൻ പേർക്കും ആശ്വാസ കിരണം നൽകാൻ കഴിയൂ എന്നാണ് മിഷന്റെ നിലപാട്. മിക്ക പഞ്ചായത്തുകൾക്കും കൃത്യമായ വിഹിതം ലഭിക്കുന്നില്ല. 2019 ഫെബ്രുവരി വരെയാണ് തുക വിതരണം ചെയ്തത്. പ്രതിമാസം ഇവർക്ക് വസ്ത്രം മാറാനും മരുന്നിനും മറ്റുമായി 6000 രൂപയോളം ചെലവ് വരും. വിഹിതം 600 രൂപയിൽ നിന്ന് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മറ്റു സാമൂഹിക സുരക്ഷാ പെൻഷനെക്കാളും ഇതിനു മുന്തിയ പരിഗണന നൽകണമെന്നു സർക്കാർ നിർദ്ദേശിക്കുമ്പോഴും, ചില ഉദ്യോഗസ്ഥരുടെ അലംഭാവം വഴിമുടക്കുന്നു. 1.20 ലക്ഷം ഗുണഭോക്താക്കളാണ് നിലവിൽ. ഇവർക്കായി ഒരു വ‌ർഷം വേണ്ടത് 85 കോടി. ഫണ്ടില്ലാത്തതിനാൽ പുതിയ കാൽലക്ഷത്തോളം അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനുമാവുന്നില്ല. പെൻഷൻ വിതരണത്തിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റും നിവേദനം നൽകിയതായി ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.

ആശ്വാസ കിരണം

വി. എസ്. സർക്കാരിന്റെ കാലത്ത് കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾക്കായാണ് പദ്ധതി തുടങ്ങിയത്. അന്നു 250 രൂപയായിരുന്നു പ്രതിമാസം. അർബുദ രോഗികൾ, പക്ഷാഘാതം ഉൾപ്പടെയുള്ള നാഡീരോഗങ്ങൾ മൂലം മുഴുവൻ സമയ പരിചരണ സേവനം ആവശ്യമുള്ളവർ, കിടപ്പു രോഗികൾ, ശാരീരിക മാനസിക വൈകല്യമുള്ളവർ, പ്രായാധിക്യം മൂലം കിടപ്പിലായവർ, അന്ധത ബാധിച്ചവർ എന്നിവരാണ് ഗുണഭോക്താക്കൾ.