കണ്ണൂർ: ഹിമാചൽ പ്രദേശിൽ പതിനായിരം അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ചപ്പോൾ കണ്ണൂർ ഏച്ചൂരിലെ കേളമ്പേത്ത് വീട്ടിലും അഭിമാനത്തിന്റെ നിമിഷം. മുണ്ടേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ കേളമ്പേത്ത് കണ്ണന്റെയും കുന്നിപ്പറമ്പിൽ യശോദയുടെയും മകനായ കെ.പി. പുരുഷോത്തമൻ ചീഫ് എൻജിനീയറായ ബോർഡർ റോഡ് ഓർഗനൈസേഷനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എൻജിനീയറിംഗ് വിസ്മയത്തിന് ചുക്കാൻ പിടിച്ചത്.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ചീഫ് എൻജിനിയറാണ് .
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത എന്ന സാഹസിക സ്വപ്നം അടൽ ടണലിലൂടെ യാഥാർഥ്യമാക്കി തലയുയർത്തി നിൽക്കുന്ന മൂഹർത്തത്തിന് പുരുഷോത്തമന്റെ കുടുംബവും സാക്ഷ്യം വഹിച്ചു.ഹിമാചലിലെ കുളു, ലാഹോൾ ജില്ലകളിൽ ഭൂനിരപ്പിൽ നിന്ന് രണ്ടായിരം മീറ്റർ താഴെക്കൂടിയാണ് 9.02 കിലോമീറ്റർ നീളമുള്ള പാത പോകുന്നത്. 600 മീറ്റർ ദൂരം കല്ലുകൾ ഇളകി വീഴുന്ന ഷിയർ സോണിൽ രണ്ടര കിലോമീറ്ററോളം അപകട മേഖലയാണ്. മുകളിലൂടെ നദിയും പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ തുരങ്ക നിർമ്മാണം ഉപേക്ഷിക്കുകയാണ് പതിവെങ്കിലും, വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു പുരുഷോത്തമന്റെ ടീം. 2010ൽ നിർമ്മാണം തുടങ്ങി. 2016 ഏപ്രിൽ വരെ കടുത്ത വെല്ലുവിളികളായിരുന്നു.
പൂർത്തിയാക്കിയത് പത്തുവർഷം കൊണ്ട്
രാജ്യത്തെ ഏറ്റവും നീളമുള്ള പർവത തുരങ്കപാത ന്യൂ ഓസ്ട്രിയൻ ടണലിംഗ് നിർമ്മാണ രീതിയിലാണ് പൂർത്തിയാക്കിയത്.
രക്ഷാമാർഗമായ എസ്കേപ് ടണൽ തുരങ്കത്തിന്റെ അടിയിലൂടെയാണ്.അഞ്ഞൂറു മീറ്റർ ഇടവിട്ട് എമർജൻസി കവാടകങ്ങളുണ്ട്. അപകടമുണ്ടായാൽ വാതിലുകളും വെന്റലേഷനുകളും തനിയെ തുറക്കും.ടണൽവഴി മണാലിയിൽ നിന്ന് ലേയിലേക്ക് ൽ 46 കിലോ മീറ്ററും നാല് മണിക്കൂറുംഇതുവഴി ലാഭിക്കാം. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞ് കിടക്കുന്ന റോഹ് താംഗ് ചുരം ഒഴിവാക്കുകയും ചെയ്യാം
ഏച്ചൂരിൽ നിന്ന് ഹിമാലയം വരെ
എച്ചൂരിലെ കുന്നിപറമ്പിൽ വീട്ടിൽ കെ.പി.പുരുഷോത്തമൻ എജിനിയറിംഗ് ബിരുദശേഷം 1987ലാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ ചേർന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപിലായിരുന്നു ആദ്യ നിയമനം. നാഗാലാൻഡ്, രാജസ്ഥാൻ, മിസോറാം, ജമ്മു കാശ്‌മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേർന്ന് പത്ത് വർഷം കൊണ്ടാണ് ടണൽ പൂർത്തിയാക്കിയത്. ഭാര്യ. തലശേരി ഇല്ലത്ത്താഴെ സ്വദേശി സിന്ധു. മകൻ വരുൺ എം.ബി.ബി.എസ് കഴിഞ്ഞ് പി.ജിക്ക് പഠിക്കുന്നു. മകൾ യുവിക എൻജിനിയറിംഗ് കഴിഞ്ഞ് യു.എസിൽ ഉപരിപഠനത്തിലാണ്.
'വലിയ സ്വപ്നം യാഥാർഥ്യമായതിൽ അതീവ സന്തോഷമുണ്ട്. ഭൂമി തുരന്നുള്ള പ്രവർത്തിയായതിനാൽ പ്രകൃതി ദുരന്തം പല രൂപത്തിലും വരാം. അവയെല്ലാം അതിജീവിച്ചു പൂർണ സങ്കീർണ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞു. എല്ലാവരോടും നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു'-
കെ.പി.പുരുഷോത്തമൻ