road
ശാപമോക്ഷം ലഭിക്കുന്ന കർമംതോടി- കൊട്ടംകുഴി റോഡ്

കാസർകോട്: കർമ്മംതൊടി വഴി പോകുന്ന സംസ്ഥാന പാതയിൽ നിന്ന് കൊട്ടംകുഴിയിലേക്ക് മൂന്നുകിലോമീറ്ററേയുള്ളു. പക്ഷെ ഈ ഗ്രാമത്തിലേക്കുള്ള ചെമ്മൺപാത ടാറിട്ട് ഒന്നു കറുപ്പിച്ചെടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നാട്ടുകാർ പരാജയപ്പെടുകയായിരുന്നു. വന നിയമങ്ങളുടെ കുരുക്ക് അഴിയുകയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണപദ്ധതി വഴി 35 ലക്ഷം അനുവദിക്കുകയും ചെയ്തതോടെ വലിയ ആഹ്ളാദത്തിലാണ് ഇവരിപ്പോൾ.

കാറഡുക്ക പഞ്ചായത്തിലെ കർമ്മംതോടി -കൊട്ടംകുഴി റോഡിലെ രണ്ടു ഭാഗങ്ങളിൽ 924 മീറ്റർ റോഡ് വികസനമാണ് വനനിയമത്തിന്റെ കാഠിന്യത്തിൽ ഇത്രയുംകാലം കുരുങ്ങിനിന്നത്. കാളവണ്ടിപ്പാതയായിരുന്ന റോഡിന് 1942 ൽ കൊട്ടംകുഴിയിലെ ഒരു ബ്രാഹ്മണ കുടുംബം സ്ഥലം വനംവകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത് നാട്ടുകാർക്ക് നൽകുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറ്റകുറ്റപ്പണികൾ നടത്തിയാണ് ചെമ്മൺപാതയാക്കിയത്. വനനിയമം കർശനമാക്കിയപ്പോൾ അതും തടഞ്ഞു.

വനംവകുപ്പുകാർക്കും ഇതേ റോഡ്

വനംവകുപ്പ് ജീവനക്കാർക്ക് കാട്ടിലെത്താനും ഇതേ റോഡ് വേണം. 2011 ൽ വനംവകുപ്പ് സ്വന്തം ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തി. എന്നാൽ ഇത് നടന്നു പോകാൻ പോലും പറ്റാത്ത നിലയിലാണിന്ന്. റോഡ് പ്രശ്നം രൂക്ഷമായപ്പോൽ നിരവധി കർഷക കുടുംബങ്ങൾ കൊട്ടംകുഴി ഉപേക്ഷിച്ച് കർമ്മംതോടി, അടുക്കം പ്രദേശങ്ങളിലേക്ക് മാറി.

കൊട്ടംകുഴി

നാലു ഭാഗവും സംരക്ഷിത വനമേഖലയാൽ ചുറ്റപ്പെട്ട ഗ്രാമീണ പ്രദേശമാണ് കൊട്ടംകുഴി. 280 വീടുകൾ, ഒരു അങ്കണവാടി, ഒരു എൽ.പി സ്‌കൂൾ, രണ്ട് പട്ടികജാതി കോളനി എന്നിവ ഇവിടെയുണ്ട്. വന്യമൃഗങ്ങൾ ഏറെയുള്ള കാട്ടിലൂടെ പാത, വേനൽ തുടങ്ങുമ്പോൾ കുടിവെള്ളക്ഷാമം, യാത്രാപ്രശ്നം കൊണ്ട് പഠനം പാതിയിൽ നിർത്തുന്ന കുട്ടികൾ- കൊട്ടംകുഴി കോളനിയിലെ അവസ്ഥ ഇതൊക്കെയാണ്.