കാസർകോട്: വിധിയുടെ ക്രൂരത നിമിത്തം നീണ്ട 21വർഷമായി എഴുന്നേൽക്കാനോ നടക്കാനോ കഴിയാത്ത അരുണിന് മതിയായ വൈദ്യസഹായം നൽകുന്നതിന് ഓട്ടോറിക്ഷ പോകുന്ന റോഡെങ്കിലും നൽകുന്നതിന് കരുണ കാട്ടാൻ കേഴുകയാണ് ഒരു കുടുംബം മുഴുവൻ. പിലിക്കോട് മടിവയലിലെ കൊയ്യോടൻ ബാലന്റെയും തെക്കേവീട്ടിൽ ബിന്ദുവിന്റേയും മൂത്ത മകനാണ് അരുൺ. ശാരീരികവും മാനസികവുമായ വൈകല്യം ബാധിച്ച അരുൺ 21 വർഷമായി കിടപ്പിലാണ്.
കൈകൾ ചുരുണ്ടും കാലുകൾ പിണങ്ങിയുമുള്ള അവസ്ഥയിൽ കട്ടിലിൽ തിരിയുകയും മറിയുകയും ശബ്ദംകേട്ടാൽ സാഹസപ്പെട്ടു തല ഉയർത്തി നോക്കിയും കിടക്കുന്ന അരുണിന്റേത് ആരിലും സങ്കടമുണർത്തുന്ന കാഴ്ചയാണ്. ജന്മനാ ശാരീരിക പ്രശ്നങ്ങൾക്ക് കീഴ്‌പ്പെട്ടുപോയ അരുണിനെ ചികിത്സിക്കാൻ നാട്ടിൽ ഒരു ആശുപത്രിയും ബാക്കിയില്ല. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ നൽകി വേദനയകറ്റുന്നു. അരുൺ കുഞ്ഞായിരിക്കുമ്പോൾ ഒക്കത്തെടുത്തു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് വീട്ടുകാർക്ക് പ്രയാസം നേരിട്ടിരുന്നില്ല. പ്രായം കൂടിയപ്പോൾ എടുത്തു നടക്കാൻ പറ്റാതായി. ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് നൂറു മീറ്റർ അകലെയുള്ള മടിവയൽചെറുവത്തൂർ റോഡിലെത്തിക്കാൻ മൂന്നുപേരുടെയെങ്കിലും സഹായം വേണം. റോഡിലേക്ക് പോകുന്നതിന് നല്ലൊരു വഴിയോ റോഡോ ഇല്ലാത്ത ദുർഗതിയാണ് അരുണിന്റെ കുടുംബം ഇന്നനുഭവിക്കുന്നത്.
ഇതുകാരണം വർഷങ്ങളായി പുറത്തുകൊണ്ടുപോകാതെ മരുന്നുകൾ മാത്രം നൽകുകയാണ്. പുറത്തിറങ്ങണമെങ്കിൽ ഇരുഭാഗവും കല്ലുകെട്ടി ചെളിവെള്ളം നിറഞ്ഞ കുഴിയാണുള്ളത്. ഇതിന് മുകളിലൂടെ നടന്നുപോകണമെങ്കിൽ മികച്ചൊരു അഭ്യാസിയാകണം. പണ്ടുമുതലുള്ള പൊതുവഴിയിൽ ചുറ്റും മതിൽ വന്നപ്പോൾ ചെളിവെള്ളം നിറഞ്ഞു. വീടിന് തെക്കുഭാഗത്തുള്ള സ്വന്തം സ്ഥലം എത്രവേണമെങ്കിലും റോഡിനായി വിട്ടുനൽകാമെന്ന് പറഞ്ഞു, ഫലമുണ്ടായില്ല . മുൻഭാഗത്തെ വീടുകളുടെ അടുത്തുവരെ ചെറുറോഡ് വരുന്നുണ്ട്. അതിലൂടെ സ്ഥലം വിട്ടുകിട്ടിയാലും സഹായകമായേനെയെന്ന് അരുണിന്റെ രക്ഷിതാക്കൾ പറയുന്നു. ഒരു ഓട്ടോ റോഡെങ്കിലും കിട്ടുന്നതിന് 2013 ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി നൽകി. ജനപ്രതിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു പോയി. റോഡിനായി വന്ന പ്രപ്പോസൽ എങ്ങിനെയോ മുങ്ങിപ്പോയി.
അരുണിന്റെ ദയനീയ സ്ഥിതി വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി കാത്തിരിക്കുകയാണ് കുടുംബം. വയസായതിനാൽ കുളിപ്പിക്കാൻ പോലും മകനെ എടുത്തു നടക്കാൻ പ്രയാസമാണ്. അസുഖം വന്നാൽ വെള്ളം നിറഞ്ഞ വഴിയിലൂടെ മോനെ റോഡിൽ എത്തിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ആശുപത്രിയിൽ കൊണ്ടുപോകാതെ മോനെ വീട്ടിൽ തന്നെ കിടത്തിയിട്ട് കുറെയായി.
ടി .വി. തമ്പായി
(അരുണിന്റെ അമ്മമ്മ )