ചടങ്ങുകളിൽ 40 പേർ മാത്രം
മാഹി: ഈമാസം 5 മുതൽ 22 വരെ നടക്കുന്ന മാഹി സെന്റ് തെരേസ ദേവാലയ തിരുനാൾ ആഘോഷച്ചടങ്ങുകൾക്ക് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാഹി അഡ്മിനിസ്‌ട്രേഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
മുഖ്യവും അവശ്യവുമായ ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് അനുവദിക്കുന്നതാണ്. 15നും 22നും മാതാവിന്റെ തിരുരൂപം വഹിച്ചുകൊണ്ട് പരമാവധി 40 പേർ പങ്കെടുക്കാവുന്ന ചെറിയ നഗരപ്രദക്ഷിണം മുനിസിപ്പൽ മൈതാനത്തിനു ചുറ്റും അനുവദിക്കും. 40 പേർക്ക് മുൻകൂട്ടി ടോക്കൺ നൽകേണ്ടതും അവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് മുനിസിപ്പൽ മൈതാനത്തിൽ സന്നിഹിതരാവേണ്ടതുമാണ്.14 ന് തിരുരൂപവും വഹിച്ചുള്ള രഥയാത്ര അനുവദിക്കുന്നതല്ല. 15നു കാലത്ത് ശയനപ്രദക്ഷിണം ഉണ്ടായിരിക്കുന്നതല്ല. കാലത്ത് 7മണിക്കും ഉച്ചക്ക് 1 മണിക്കും വൈകന്നേരം 6 മണിക്കുമായി, ഭക്തരുടെ പരമാവധി എണ്ണം 40 ആയി നിയന്ത്രിച്ചു കൊണ്ടു ദിവസേന മൂന്ന് കൂട്ടപ്രാർത്ഥന മാത്രമെ അനുവദിക്കുകയുള്ളൂ.
വിശുദ്ധ തെരേസയുടെ തിരുരൂപത്തിൽ മാല ചാർത്തുന്നതിനും പുഷ്പാർച്ചന ചെയ്യുന്നതിനും ഭക്തരെ അനുവദിക്കുന്നതല്ല. ദേവാലയ അധികൃതർ നിത്യേന ദേവാലയവും പരിസരവും അണുവിമുക്തമാക്കേണ്ടതാണ്. മുനിസിപ്പൽ മൈതാനത്തോ ദേവാലയത്തിനു സമീപമുള്ള ഒഴിഞ്ഞ സർക്കാർ ഭൂമിയിലോ താത്കാലിക ചന്തകൾ വയ്ക്കുവാൻ അനുവദിക്കുന്നതല്ല.
തീർത്ഥാടകർക്കുള്ള പാർക്കിംഗ് സൗകര്യം മാഹി കോളജ് ഗ്രൗണ്ടിൽ മാഹി മുനിസിപ്പാലിറ്റി ഏർപ്പെടുത്തുന്നതാണ്. മുനിസിപ്പൽ കോംപ്ലക്സിലും കോളജ് ഗ്രൗണ്ടിലുമുള്ള ശൗചാലയങ്ങളും തീർത്ഥാടകരുടെ ഉപയോഗത്തിനായി വിട്ടുകൊടുക്കുന്നതാണ്. ദേവാലയപരിസരത്ത് അനധികൃത കച്ചവടം നിരോധിക്കുന്നതാണ്.
തിരുനാൾ ആഘോഷ ദിനങ്ങളിൽ ജനക്കൂട്ടനിയന്ത്രണത്തിനും ഗതാഗത നിയന്ത്രണത്തിനും വേണ്ട സുരക്ഷാ ക്രമീകരണം പൊലീസ് ഏർപ്പെടുത്തും.