കാഞ്ഞങ്ങാട്: ഹൊസദുർഗ്ഗ് ലയൺസ് ക്ലബ്ബ് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പാർക്കിലെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പവൃഷ്ടിയും നടത്തി. അഡ്വ. എം. രമേശ് അനുസ്മരണ പ്രഭാഷണം നടത്തി. നാസർ കൊളവയൽ അദ്ധ്യക്ഷത വഹിച്ചു.
ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അഡ്വ. ടി.കെ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി
ദുർഗ്ഗ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർമാർ അവരുടെ വീടും പരിസരവും ശുചീകരിച്ചു. ഗാന്ധി സന്ദേശം ഉൾപ്പെടുത്തി പോസ്റ്ററുകൾ നിർമ്മിക്കുകയും, ജില്ലാ തല ചിത്രരചനാമത്സരം നടത്തുകയും ചെയ്തു. 'ഗാന്ധിജിയെ സ്മരിക്കുമ്പോൾ' എന്ന പേരിൽ ഓൺലൈൻ സംഗമവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.വി ദാക്ഷ, ഹെഡ്മാസ്റ്റർ ടി.വി. പ്രദീപ് കുമാർ, പി.ടി.എ പ്രസിഡന്റ് പല്ലവ നാരായണൻ തുടങ്ങിയവർ സംസാരിച്ചു ..
നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ഏകാംഗ നാടകം അവതരിപ്പിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡിൽ നഗരസഭ ചെയർമാൻ ഡോ. കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി .വിജയൻ അധ്യക്ഷനായി, ഡോ. ടി. സുരേന്ദ്രനാഥ് മുഖ്യാതിഥിയായി. വൈസ് ചെയർപേഴ്‌സൻ വി. ഗൗരി, മുഹമ്മദ് റാഫി, ഡോ. ജമാൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വി. വിജയകുമാർ സ്വാഗതവും വി. ആദിത്യ നന്ദിയും പറഞ്ഞു.
പടന്നക്കാട് കാർഷിക കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടാറ്റാ കൊവിഡ് ആശുപത്രി പരിസരത്ത് 151 മാവിൻതൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ആരംഭം കുറിച്ചു. ജില്ലാ ഭരണകൂടം, കാർഷിക കോളേജ് പടന്നക്കാട്, കൃഷിവകുപ്പ്, ഗൃഹവനം പദ്ധതിയുടെ പ്രചാരകൻ ദിവാകരൻ കടിഞ്ഞിമൂല എന്നിവർ സംയുക്തമായാണ് പരിപാടി നടപ്പിലാക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ മാവിൻതൈ നട്ടുകൊണ്ട് എ.ഡി.എം. എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്തു. ഡോ. പി.ആർ. സുരേഷ്, ഡോ. കെ.എം. ശ്രീകുമാർ, നിഷാന്ത് രാമൻ, പ്രമോദ്, പി.വി.സുരേന്ദ്രൻ പങ്കെടുത്തു.