കാഞ്ഞങ്ങാട്:തൊഴിലിന് കൂലി പണമായാണ് രാജ്യത്ത് ആകെ തൊഴിലാളികൾ വാങ്ങിക്കുന്നത്.എന്നാൽ കാലം പരിക്കേൽപ്പിക്കാതെ പത്തുപറയ്ക്ക് രണ്ടുപറ നെല്ല് കൂലി വാങ്ങുന്ന പഴയ സമ്പ്രദായം കാണണമെങ്കിൽ കാസർകോട് ജില്ലയിലെ ബളാൽ ഗ്രാമത്തിലേക്ക് വരണം.
പതം എന്ന് പറയുന്ന ഈ വേതനരീതിയായിരുന്നു ഒരു കാലത്ത് കേരളം മുഴുവനും നിലനിന്നിരുന്നത്. കർഷകനായ ബളാൽ കുഴിങ്ങാട്ടെ അബ്ദുൾ ഖാദറിന്റെ വയലിൽ ഇപ്പോഴും അനുവർത്തിക്കുന്നത് പതം അളന്ന് കൂലി നൽകലാണ്. കൊടുക്കുന്നതിൽ അബ്ദുൾഖാദർക്കോ വാങ്ങുന്നതിൽ തൊഴിലാളികൾക്കോ യാതൊരു മനപ്രയാസവുമില്ല.പതിറ്റാണ്ടുകളായി ആ കൃഷി ജീവിതം കൈവെടിയാതെ കൂടെ കൊണ്ട് നടക്കുകയാണ് അന്തുക്കയെന്ന അബ്ദുൾ ഖാദർ.പരമ്പരാഗതമായി ചെയ്തു പോരുന്ന കൃഷിരീതിയും സംസ്ക്കാരവും വലിയ മാറ്റമില്ലാതെ ഇന്നും തുടർന്നു പോരുന്ന ചുരുക്കം ചില ശേഷിപ്പുകളിലൊന്നാണ് ബളാൽ കുഴിങ്ങാട്ടെ ഈ കൃഷിയിടം.
സമീപത്തെ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കാണ് പണ്ടു മുൽക്കെ ഈ കണ്ടത്തിൽ പണിയെടുക്കാനുള്ള അവകാശം.കണ്ടം പൂട്ടലും ഞാറുനടലും, കളപറിക്കലും കൊയ്ത്തും, മെതിയുമടക്കം എല്ലാത്തിനും ഇവരുടെ സാന്നിധ്യമുണ്ടാവും.ഇത്തവണ ഒരേക്കറിൽ ശ്രേയസ് നെൽവിത്ത് വിതച്ചാണ് അന്തുക്ക നൂറ് മേനി കൊയ്തെടുത്തത്. എല്ലാ തവണയും നാടിന്റെ ഉത്സവമായി മാറാറുള്ള കുഴിങ്ങാട്ടെ കൊയ്ത്തുത്സവം ഇത്തവണ സാഹചര്യം കണക്കിലെടുത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എളിയ രീതിയിലാണ് നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണിയാണ് കൊയ്തുത്സവം ഉദ്ഘാടനം ചെയ്തത്. കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ വി .മാധവൻ നായർ, ഏ.വി മാത്യു, രാഘവൻ അരിങ്കല്ല്, അബ്ദുൾ ഖാദർ സംബന്ധിച്ചു.
പ്രതികൂല കാലാവസ്ഥയിലും ലാഭനഷ്ടങ്ങൾ നോക്കാതെ നാളെക്കു വേണ്ടി കൃഷിയെ നെഞ്ചോട് ചേർത്തു പിടിക്കുകയാണ് ഈ കർഷകൻ