മാഹി: ദേശീയപാതയിൽ മാഹിപ്പാലത്തിലുണ്ടായ വിള്ളൽ പരിഹരിക്കാൻ അടിയന്തര അറ്റകുറ്റപ്പണി നടത്തും. കഴിഞ്ഞ ദിവസം കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്
2016 ൽ ഒരു മാസക്കാലം പാലം അടച്ചിട്ടു കൈവരികൾ ബലപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പാലത്തിന്റെ സ്ലാബുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിലാണ് ഇപ്പോൾ കേടുപാടുണ്ടായത്. സ്ലാബുകൾ ബന്ധിപ്പിക്കുന്ന സ്ഥലത്ത് സ്റ്റീലിന്റെ ചാനൽ സെക്ഷൻ ഉണ്ട്. മൂന്നുസ്ഥലത്ത് ഇവ പൊട്ടിയതായി പരിശോധനയിൽ കണ്ടെത്തി. ചാനൽ സെക്ഷൻ ഉറപ്പിക്കുന്നത് കോൺക്രീറ്റ് ചെയ്താണ്. ചാനൽ സെക്ഷൻ പൊട്ടിയതോടെ ഈ കോൺക്രീറ്റ് പൊടിഞ്ഞുപോയി. അതിനാൽ ചാനൽ സെക്ഷൻ മുറിച്ചുമാറ്റി
പുതിയത് ഘടിപ്പിക്കുകയോ വെൽഡിംഗ് ചെയ്ത് ബലപ്പെടുത്തുകയോ വേണം.
കോൺക്രീറ്റ് പൊടിഞ്ഞ സ്ഥലത്ത് പുതുതായി കോൺക്രീറ്റ് ചെയ്യേണ്ടതുമുണ്ട്. കോൺക്രീറ്റ് ചെയ്താൽ അവ ഉറയ്ക്കുന്നതിന് രണ്ടാഴ്ച സമയം വേണ്ടി വരും. ഈ സമയത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുകയോ, വാഹനങ്ങൾ വഴിതിരിച്ചുവിടുകയോ ചെയ്യും. മാഹി പെരുന്നാൾ കഴിഞ്ഞയുടൻ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.